കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരെ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടിഒ സൂരജ് രംഗത്ത്. വിജിലന്‍സ് ആരോപിക്കുന്ന കുറ്റം ചെയ്യാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിംകുഞ്ഞാണെന്നും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ടിഒ സൂരജ് ആരോപിച്ചു.
കരാറുകാരന് മുന്‍കൂര്‍ പണം നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കരാറിന് വിരുദ്ധമായി എട്ട് കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ ആര്‍ഡിഎസ് കമ്പനിക്ക് നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ആ തീരുമാനം തന്റേതായിരുന്നില്ല. ചട്ടങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിരുദ്ധമായി ഇത്രയും കോടി രൂപ കമ്പനിക്ക് നല്‍കാന്‍ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്ന് സത്യവാങ്മൂലത്തിലുമുണ്ട്. മുന്‍കൂര്‍ പണത്തിന് പലിശ ഈടാക്കാനുള്ള നിര്‍ദ്ദേശം ഉത്തരവിലുണ്ടായില്ല. എന്നാല്‍ താനാണ് ഏഴ് ശതമാനം പലിശ ഈടാക്കാന്‍ ഉത്തരവില്‍ കുറിപ്പെഴുതിയതെന്നും ടിഒ സൂരജ് വ്യക്തമാക്കുന്നു.
ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് നീങ്ങുന്നതിനിടെയാണ് കേസില്‍ അറസ്റ്റിലായ സൂരജ് തന്നെ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് അന്ന് പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ടിഒ സൂരജ്. കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ പണം അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ടിഒ സൂരജിനെതിരെ കേസ്.
Discussion about this post