കോട്ടയം: സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി തിരുവോണം ബംപറിന്റെ നറുക്കെടുപ്പ് ഈ മാസം 19ന് നടക്കും. 12 കോടി രൂപയാണ് ഒന്നാം സമ്മാനമെങ്കിലും സമ്മാനർഹന് ലഭിക്കുക 7.56 കോടി രൂപയാണ്. 3.24 കോടി ആദായ നികുതിയും ഏജന്റിന്റെ കമ്മീഷന് 1.20 കോടി രൂപയുമാണ്. ഈ തുക കിഴിച്ചുള്ള തുകയാണ് വിജയിക്ക് ലഭിക്കുക.
ഏജൻസി കമ്മീഷൻ സമ്മാനത്തുകയുടെ 10 ശതമാനമാണ്. ഏജൻസി കമ്മീഷൻ കുറച്ച് ബാക്കി തുകയുടെ 30 ശതമാനം ആദായനികുതിയായി സമ്മാനാർഹനിൽ നിന്ന് ഈടാക്കും. ഒന്നാം സമ്മാനത്തുകയുടെ 63 ശതമാനമാണ് ഇതോടെ സമ്മാനാർഹനു ലഭിക്കുകയെന്നു വിവരാവകാശ പ്രകാരം സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ നിന്നു ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
ഒന്നാം സമ്മാനം 12 കോടി ആയതിനാൽ അതിന്റെ 10 ശതമാനമായ 1.20 കോടി രൂപ ഏജൻസി കമ്മിഷനായി സമ്മാനത്തുകയിൽനിന്നു കുറയും. ബാക്കി തുകയായ 10.8 കോടി രൂപയുടെ 30 ശതമാനമായ 3.24 കോടി രൂപയാണ് ആദായ നികുതി. ഇതു രണ്ടും കുറച്ച് ബാക്കി 7.56 കോടി രൂപയാണു സമ്മാനാർഹന് സ്വന്തമാക്കാനാവുക.
തിരുസവോണം ബംപറിന് തൊട്ടുതാഴെയായി സമ്മാനത്തുകയിൽ വമ്പൻ ക്രിസ്തുമസ് ന്യൂ ഇയർ ബംപറാണ്. ഒന്നാം സമ്മാനം 6 കോടി രൂപയും ഏജന്റ് കമ്മീഷൻ 60 ലക്ഷവും ആദായ നികുതി 1.62 കോടി രൂപയുമാണ്. സമ്മാനാർഹന് കൈയ്യിൽ ലഭിക്കുക 3.78 കോടി ആയിരിക്കും.
Discussion about this post