സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനായി എത്തിച്ച അരിച്ചാക്കില്‍ അതിരൂക്ഷ വിഷമായ അലൂമിനിയം ഫോസ്ഫൈഡ്; എഫ്‌സിഐ, ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

മതിലകം സെന്റ് മേരീസ് എല്‍പി സ്‌കൂളിലാണ് സംഭവം. 600 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്

തൃശ്ശൂര്‍: സ്‌കൂളിലെ ഉച്ചഭക്ഷണത്തിനുള്ള അരിച്ചാക്കില്‍ നിന്ന് കീടനാശിനി കണ്ടെത്തി. എലികളെയും കീടങ്ങളെയും തുരത്താനുള്ള വിഷത്തിന്റെ ഒരു കിലോയാളം വരുന്ന കുപ്പിയാണ് ചാക്കില്‍ നിന്ന് കണ്ടെത്തിയത്. മതിലകം സെന്റ് മേരീസ് എല്‍പി സ്‌കൂളിലാണ് സംഭവം. 600 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളാണിത്. അലൂമിനിയം ഫോസ്ഫൈഡ് മിക്ക വിദേശരാജ്യങ്ങളിലും നിരോധിച്ച കീടനാശിനിയാണ്. ഇന്ത്യയില്‍ നിരോധനമില്ല.

ധാന്യങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണുകളില്‍ എലി, ഒച്ച്, മറ്റ് കീടങ്ങള്‍ എന്നിവയെ അകറ്റാനാണ് കൂടുതലായി ഉപയോഗിക്കുന്നതെന്ന് കെഎഫ്ആര്‍ഐ-യിലെ ശാസ്ത്രജ്ഞന്‍ ഡോപികെ സജീവ് പറഞ്ഞു. രാവിലെ ജീവനക്കാരി അരിച്ചാക്ക് പൊട്ടിച്ചപ്പോഴാണ് ഒരു കിലോ കീടനാശിനി കണ്ടെത്തിയത്. തുടര്‍ന്ന് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എഫ്‌സിഐ ഉദ്യോഗസ്ഥരും സപ്ലൈകോ ഉദ്യോഗസ്ഥരും ക്വാളിറ്റി കണ്‍ട്രോള്‍ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഗുളിക രൂപത്തിലുള്ള അലുമിനിയം ഫോസ്‌ഫൈഡ് എന്ന കീടനാശിനിയാണ് അരി ചാക്കില്‍ നിന്ന് കണ്ടെത്ത ബോട്ടിലിലുള്ളത്.

എസ്എന്‍ പുരത്തുള്ള സപ്ലൈകോ മാവേലി സ്റ്റോറില്‍ നിന്നാണ് ഉച്ചക്കഞ്ഞിക്ക് ഉള്ള അരി എത്തിക്കുന്നത്. ആന്ധ്രയില്‍ നിന്ന് കൊണ്ടുവരുന്ന അരിച്ചാക്കുകള്‍ തൃശ്ശൂര്‍ മുളങ്കുന്നത്തുകാവിലുള്ള എഫ്‌സിഐ ഗോഡൗണില്‍ എത്തിച്ച്, ക്വാളിറ്റി കണ്‍ട്രോളറുടെ പരിശോധനയ്ക്കു ശേഷം സപ്ലൈകോ വഴിയാണ് സ്‌കൂളില്‍ എത്തിക്കുന്നത്.

എന്നാല്‍ എല്ലാ ചാക്കുകളിലെയും സാമ്പിളുകള്‍ ശേഖരിച്ച് നിലവാരം ഉറപ്പാക്കിയ ശേഷം തന്നെയാണ് വിതരണം നടത്തിയിട്ടുള്ളതെന്നും ചാക്കുകളെല്ലാം തുറന്ന് പരിശോധിക്കുക പ്രായോഗികമല്ലെന്നും എഫ്‌സിഐ ജില്ലാ മാനേജര്‍ ടി ബിന്ദുമോളും ക്വാളിറ്റി ഓഫീസര്‍ ജന്‍സി ഫിലിപ്പും അറിയിച്ചു. ആന്ധ്രയിലെ അരി പാക്കിങ് കേന്ദ്രത്തില്‍ നിന്നാകാം കീടനാശിനി കടന്നുകൂടിയതെന്ന് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Exit mobile version