കൊച്ചി: സംസ്ഥാനത്തെ ബാങ്കുകളിൽ നിന്നും പണം നഷ്ടമാകുന്നത് അക്കൗണ്ട് ഉടമകളുടെ മാത്രം തെറ്റുകൊണ്ടല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്. ബാങ്കുകളുടെ സെർവർ ചോർത്തി ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങൾ സാമ്പത്തിക തട്ടിപ്പു സംഘങ്ങൾ തട്ടിയെടുക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. വിവരങ്ങൾ വൻതോതിൽ ഇന്റർനെറ്റിൽ വിൽപ്പനക്ക് വയ്ക്കുന്നുണ്ടെന്നും എഡിജിപി മനോജ് എബ്രഹാം വെളിപ്പെടുത്തി.
പോലീസ് ഒരുക്കുന്ന കൊക്കൂൺ സൈബർ സെക്യൂരിറ്റി കോൺഫറൻസിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു എഡിജിപിയുടെ വെളിപ്പെടുത്തൽ. അക്കൗണ്ടിലുള്ള പണം ഉടമയറിയാതെ ചോരുന്നെന്ന പരാതികൾ വ്യാപകമാണെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാവീഴ്ച പലപ്പോഴും വ്യക്തമായിട്ടുണ്ടെങ്കിലും ഇത്തരം സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച ഒരു പരാതിയും കേരളത്തിലെ ബാങ്കുകൾ സ്വന്തം നിലയിൽ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു.
‘ഒടിപി ആർക്കെങ്കിലും പറഞ്ഞു കൊടുത്തു, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിൽ ഉടമ വീഴ്ച വരുത്തി എന്നാണ് പരാതിയിൽ ബാങ്കിന്റെ പ്രതികരണം. എന്നാൽ അങ്ങനെയല്ലാതെ ബാങ്കിന്റെ സുരക്ഷാവീഴ്ച കൊണ്ടുതന്നെ പണം നഷ്ടപ്പെടാൻ എല്ലാ സാധ്യതയും ഉണ്ടെന്ന് പോലീസിലെ സൈബർ വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്’,- അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.
ഇന്റർനെറ്റിലെ അധോലോകം എന്നുതന്നെ പറയാവുന്ന ഡാർക്ക് നെറ്റിൽ ഇവ വൻതോതിൽ വിൽപ്പനക്ക് വയ്ക്കുന്നുണ്ട്. ഒരൊറ്റ ബാങ്കിന്റെ തന്നെ 50,000 വരെ അക്കൗണ്ടുകളുടെ വിവരങ്ങൾ ഇത്തരത്തിൽ വാങ്ങാൻ കിട്ടുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാങ്കുകൾ അവകാശപ്പെടുന്നത് പോലെ മറ്റേതെങ്കിലും വഴിക്ക് ചോരുന്നതാണെങ്കിൽ എല്ലാ ബാങ്കുകളുടേയും വിവരങ്ങൾ ഇടകലർന്ന് കാണുമായിരുന്നു. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ തയ്യാറാക്കാൻ ഏൽപ്പിക്കുന്ന ഏജൻസികൾ വഴി ചോരാനുള്ള സാധ്യതയും ഉണ്ട്. എന്ത് തന്നെയായാലും അക്കൗണ്ട് ഉടമയുടെ വീഴ്ച അല്ലെന്ന് വ്യക്തമായാൽ ബാങ്ക് നഷ്ടം നികത്തണം’, മനോജ് അബ്രഹാം വ്യക്തമാക്കി.