തിരുവനന്തപുരം: 2017ൽ കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുൻ ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. തനിക്ക് അവകാശപ്പെട്ട ഭൂമി ബന്ധുക്കൾ തട്ടിയെടുത്തതിൽ മനംനൊന്തു കട്ടപ്പന സ്വദേശി കെഎൻ ശിവൻ എന്ന വ്യക്തി 2017 ഏപ്രിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ശ്രീറാമിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.
വ്യാജ ആധാരമുണ്ടാക്കി ബന്ധുക്കൾ ഭൂമി തട്ടിയെടുത്തതായി അന്നു സബ് കളക്ടറായിരുന്ന ശ്രീറാമിനു ശിവൻ പരാതി നൽകി. എന്നാൽ ശ്രീറാം നടപടിയെടുത്തില്ലെന്നു മാത്രമല്ല, നടപടി എടുത്തതായി കാണിക്കുന്ന വ്യാജ രേഖകൾ ഉണ്ടാക്കുകയും ചെയ്‌തെന്ന് ശിവന്റെ സഹോദര പുത്രൻ കെബി പ്രദീപ് ആരോപിക്കുന്നത്.
പരാതിയിലെ തുടർനടപടികളറിയാൻ ശ്രീറാം വെങ്കിട്ടരാമന്റെ ഓഫീസിൽ വിവരാവകാശം നൽകി. എന്നാൽ, പരാതിക്കാരനോടു ഹാജരാകാൻ ആവശ്യപ്പെട്ടു 4 തവണ നോട്ടീസ് നൽകിയിട്ടും എത്തിയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രദീപ് പറയുന്നു. എന്നാൽ ഇതു ശ്രീറാം വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് പ്രദീപ് ആരോപിക്കുന്നത്.
ശിവൻ പരാതി നൽകുന്നതിനു മുൻപുള്ള തീയതിയിൽ പോലും നോട്ടിസ് അയച്ചതായാണു ശ്രീറാമിന്റെ മറുപടിയിൽ കാണുന്നത്. അത് വിചിത്രമാണെന്നും നടപടികൾ എടുക്കാതെ ഒഴിഞ്ഞു മാറിയ ശ്രീറാം, തട്ടിപ്പുകാരെ സഹായിക്കുകയായിരുന്നുവെന്നും പ്രദീപ് പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
ഇക്കാര്യത്തിൽ മനംനൊന്താണ് ശിവൻ ആത്മഹത്യ ചെയ്തതെന്നും പ്രദീപ് ആരോപിച്ചു. അതിനാൽ ഭൂമി തട്ടിയെടുത്തവരെപ്പോലെ തന്നെ ശ്രീറാം വെങ്കിട്ടരാമനും കുറ്റക്കാരനാണെന്നും നടപടി സ്വീകരിക്കണമെന്നുമാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്..
Discussion about this post