ബംഗളൂരു: സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കേരളത്തിൽ നിന്നുള്ള വ്യക്തിയായി നിലോഫർ മുനീറെന്ന പെൺകുട്ടി. പതിനാറാം വയസിൽ സെസ്‌ന 172 എന്ന ചെറുവിമാനവും പറത്തി റെക്കോർഡിട്ടു കഴിഞ്ഞു നിലോഫർ. എറണാകുളം കാക്കനാട് ട്രിനിറ്റി വേൾഡിൽ മുനീർ അബ്ദുൾ മജീദിന്റെയും ഉസൈബയുടെയും ഏകമകളാണ് നിലോഫർ. ദുബായിയിലായിരുന്നു പത്താംക്ലാസുവരെയുള്ള പഠനം. പ്ലസ്ടു പഠനമാകട്ടെ പൂർത്തിയാവുന്നതേയുള്ളൂ. ഇതിനിടെയാണ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കി അമ്പരപ്പിച്ചിരിക്കുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ്ടു, പ്രൊഫഷണൽ കോഴ്‌സ് എന്നിങ്ങനെയുള്ള പഠനരീതികളെ വേണ്ടെന്ന് വെച്ച് പത്താംക്ലാസ് പാസായതോടെ ഹിന്ദുസ്ഥാൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റസ് ഫ്ളൈറ്റ്സ് എവിയേഷൻ അക്കാദമിയിലെ പരിശീലനത്തിനാണ് നിലോഫർ പോയത്. വിജയകരമായി പഠനം പൂർത്തിയാക്കുകയും ചെയ്തു.
സ്‌കൂൾ പഠനകാലത്തുതന്നെ ആകാശയാത്രകളും വിമാനങ്ങളും നിലോഫറിന്റെ സ്വപ്നങ്ങളായിരുന്നു. ദുബായിയിലെ ഇന്ത്യൻ ഹൈസ്‌ക്കൂളിൽ പത്താം ക്ലാസ് പൂർത്തിയാക്കി നിലോഫർ നേരെ സ്വപ്‌നം തേടിയിറങ്ങുകയുമായിരുന്നു.
വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ്ടു സയൻസ് ഗ്രൂപ്പ് പഠിച്ചുകൊണ്ട് മൈസൂരുവിൽ പൈലറ്റ് പരിശീലനം തുടരുകയാണ് നിലോഫർ ഇപ്പോൾ. നിലവിലെ നേട്ടത്തിൽ ഒരുപാടു സന്തോഷമുണ്ടെന്നും കമേഴ്‌സ്യൽ വിമാനങ്ങൾ പറത്താനാണ് ഇഷ്ടമെന്നും നിലോഫർ പറയുന്നു.
Discussion about this post