കോഴിക്കോട്: കോഴിക്കോടിന്റെ നന്മയും സ്നേഹവും ആവോളം അറിയാനുള്ള അവസരം ലഭിച്ചു, ഇനി പടിയിറങ്ങുകയാണ്..!കോഴിക്കോടിനോട് വിട പറഞ്ഞ് കളക്ടര്‍ യുവി ജോസ്. ജനകീയനായ കളക്ടര്‍ പ്രശാന്ത് നായര്‍ക്ക് പിന്നാലെ ചുമതല ഏറ്റെടുത്ത കോഴിക്കോടിന്റെ പ്രിയപ്പെട്ട മറ്റൊരു കളക്ടര്‍ കൂടി യാത്രപറഞ്ഞ് ഇറങ്ങുകയാണ്.
കഴിഞ്ഞ രണ്ടര വര്‍ഷക്കാലം കോഴിക്കോടിന്റെ നന്മയെ അടുത്തറിഞ്ഞ് നാടിന്റെ സ്വന്തം ജോസേട്ടനായി മാറിയ യുവി ജോസ് കളക്ടറുടെ കസേരയൊഴിയുമ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ച വിടവാങ്ങല്‍ കുറിപ്പ് വൈറലാവുകയാണ്. കോഴിക്കോടിന്റെ നന്മയും സ്നേഹവും ആവോളം അറിയാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്നും, തന്റെ ഔദ്യോഗിക ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ചും അദ്ദേഹം പറയുന്നു.
കളക്ടറായി ചുമതല ഏറ്റെടുത്തതിന്റെ രണ്ടാം നാളില്‍ മിഠായിത്തെരുവിലെ തീപിടുത്തത്തിന്റെ രൂപത്തില്‍ തുടങ്ങിയ വെല്ലുവിളികള്‍ ഓഖി, കരിഞ്ചോലമല ഉരുള്‍പ്പൊട്ടല്‍,നിപ്പ,പ്രളയം എന്നിങ്ങനെ ഒന്നിന് പിറകെ ഒന്നായി വന്നു. എന്നാല്‍ ഈ ദുരന്തങ്ങളെ നേരിടാന്‍ കോഴിക്കോടന്‍ മനസുകളുടെ സ്നേഹാര്‍ദ്രമായ ആഴവും ചങ്കുറപ്പും എന്നെ ധീരനായ കപ്പിത്താനായി നിലനിര്‍ത്തിയെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
പടിയിറങ്ങുന്ന കളക്ടര്‍ യുവി ജോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കോഴിക്കോടിന്റെ നന്മയും സ്നേഹവും ആവോളം നുകർന്നു. ഔദ്യോഗിക ജീവിതത്തിൽ അതുവരെ അനുഭവിക്കാത്ത തീഷ്ണമായ വെല്ലുവിളികൾ ഒന്നിനു പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. രണ്ടാം നാളിൽ തന്നെ മിഠായിത്തെരുവിലെ തീപിടുത്തത്തിന്റെ രൂപത്തിൽ തുടങ്ങി ഓഖി, കരിഞ്ചോലമല ഉരുൾപ്പൊട്ടൽ, നിപ്പ എന്നിങ്ങനെ മഹാപ്രളയത്തിൽ എത്തിനിന്ന ദുരന്തങ്ങളുടെ അസമയ ഘോഷയാത്ര! തുടക്കത്തിൽ തെല്ലൊന്നമ്പരപ്പിച്ചെങ്കിലും കോഴിക്കോടൻ മസ്സുകളുടെ സ്നേഹാർദ്രമായ ആഴവും ചങ്കുറപ്പും എന്നെ ധീരനായ കപ്പിത്താനായി നിലനിർത്തി. ഓരോ ദുരന്തവും വെല്ലുവിളികളും കോഴിക്കോടിന്റെ അകമഴിഞ്ഞ നന്മ അടുത്തനുഭവിക്കാനുള്ള അവസരങ്ങളായി മാറുന്നത് ഞാനറിഞ്ഞു.
‘ജോസേട്ടാ’ എന്ന നിങ്ങളുടെ വിളി ഔപചാരികതയുടെ മൂടുപടം പൊളിച്ച് കോഴിക്കോടൻ കുടുംബത്തിലെ മുതിർന്നൊരംഗമെന്ന ചിന്ത എന്നിൽ സന്നിവേശിപ്പിച്ചു. സത്യം പറഞ്ഞാൽ ഈ വിളി എന്റെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ സൃഷ്ടിച്ച ഉത്തരവാദിത്തബോധം ചില്ലറയല്ല!
എണ്ണിയെണ്ണി പറഞ്ഞാൽ തീരാത്തത്ര അനുഭവത്തിന്റെ ആഴവും പരപ്പുമുള്ള അറബിക്കടലാണ് നിങ്ങളെനിക്ക് സമ്മാനിച്ചത്. പല സന്ദർഭങ്ങളിലായി പലതും ഞാൻ തന്നെ നിങ്ങൾക്ക് മുന്നിൽ കുറിച്ചതുകൊണ്ട് വീണ്ടും അവയിലേക്കൊന്നും കടക്കുന്നില്ല.
എന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ പ്രിയരെ തല്ക്കാലം നിങ്ങളോട് വിടചൊല്ലാൻ സമയം സമാഗതമായിരിക്കുന്നു. മനസ്സിൽ നെയ്ത സ്വപ്ന പദ്ധതികളെല്ലാം ചെയ്തു പൂർത്തിയാക്കാൻ സമയ പരിമിതി മൂലം സാധിച്ചില്ലെന്ന തെല്ലു നിരാശ മറച്ചുവെക്കുന്നില്ല.
പുതിയ നിയോഗമേറ്റെടുത്ത് പോകുമ്പോൾ നിങ്ങൾ പകർന്ന അനുഭവങ്ങൾ കരുത്തുറ്റ ചാലകശക്തിയായി കൂടെ ഉണ്ടാകമെന്ന ബോധ്യം എന്നെ എന്നെത്തേക്കാളും ശക്തനാക്കുന്നു. ഒരു വിടപറയൽ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നും എപ്പൊഴും കയറിവരാവുന്ന എന്റെ കുടുംബ വീടാണ് കോഴിക്കോട്, നിങ്ങൾ എന്റെ സഹോദരങ്ങളും.
കിട്ടിയ അവസരങ്ങൾ നിങ്ങളെ സേവിക്കാൻ ആത്മാർത്ഥമായി ശ്രമിച്ചു എന്ന ചാരിതാർത്ഥ്യത്തോടെ കോഴിക്കോട് കലക്ടറേറ്റിന്റെ പടികൾ ഞാനിറങ്ങിക്കോട്ടെ. എന്റെ പിൻഗാമിക്കും ഇതേ പിന്തുണ ഉണ്ടാവണം.
ഒരു പ്രളയത്തിനും പിഴുതെറിയാൻ കഴിയാത്തതാണ് കോഴിക്കോട്ടെ നന്മമരങ്ങൾ! നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയുടെ കരുത്തിൽ ഒരു വെല്ലുവിളിക്കു മുമ്പിലും ഞാൻ പതറിയിട്ടില്ല. ആകെ പതറിയത് കോഴിക്കോടിന്റെ സ്നേഹ സാഗരത്തിന്റെ തിരതല്ലലിനു മുമ്പിൽ മാത്രം!
നിങ്ങളെ പോലെ നിങ്ങളിൽ ഒരാളായി കോഴിക്കോട്ടേക്ക് തിരിച്ച് വരണമെന്ന് എന്റെ മനസ്സ് ആഗ്രഹിക്കുന്നുണ്ട്. കാത്തിരുന്ന് കാണാം.
എന്റെ പ്രാർത്ഥനയിൽ നിങ്ങളും, നിങ്ങളുടെ പ്രാർത്ഥനയിൽ ഞാനുമുണ്ടാകുമെന്ന ഉറപ്പിൽ തൽക്കാലം വിട.