ഹൈദരാബാദ്: മുട്ടിന് താഴെ ഇറക്കമില്ലാത്ത വസ്ത്രങ്ങള്‍ ധരിച്ച് കോളേജിലെത്തുന്നതിന് വിലക്ക്. ഹൈദരാബാദിലെ സെന്റ് ഫ്രാന്‌സിസ് കോളേജാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് പുതിയ ഡ്രസ് കോഡ് നിര്‍ദേശിച്ചിരിക്കുന്നത്. വസ്ത്രത്തിന്റെ ഇറക്കം അളന്നതിന് ശേഷം മാത്രമേ കുട്ടികളെ കോളേജിന് അകത്തേക്ക് കടത്തിവിടുകയുള്ളൂ എന്നാണ് അധികൃതരുടെ തീരുമാനം.
പെണ്‍കുട്ടികളുടെ തുടകള്‍ ആണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോളേജ് അധികൃതരുടെ നടപടി. മുട്ടിന് താഴെ ഇറക്കമില്ലാത്ത കുര്‍ത്തിയോ ചുരിദാറോ, സ്ലീവ് ലെസ്സ് ഉടുപ്പോ ഇട്ടുകൊണ്ട് കോളേജിലേക്ക് പ്രവേശിക്കാനാവില്ല. വസ്ത്രത്തിന്റെ ഇറക്കം അളക്കുന്നതിനായി കോളേജ് ഗേറ്റില്‍ സെക്യൂരിറ്റി ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനികള്‍ കയ്യുള്ളതും കാല്‍മുട്ടിന് താഴെ ഇറക്കമുള്ളതുമായ വസ്ത്രം ധരിച്ചുമാത്രമേ വരാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കുലറില്‍ നിര്‌ദേശിക്കുന്നത്.
വനിതാ സെക്യൂരിറ്റിക്കാര്‍ അടക്കമുള്ളവരുടെ വസ്ത്ര പരിശോധന പൂര്‍ത്തിയാക്കി മാത്രമേ പെണ്‍കുട്ടികള്‍ക്ക് കോളേജിനകത്ത് പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ഷോര്‍ട്ട്‌സ് അടക്കമുള്ള ചെറിയ വസ്ത്രങ്ങള്‍ കോളേജ് ക്യാംപസില്‍ നിരോധിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നു മുതലാണ് പുതിയ ഡ്രസ്സ് കോഡ് നിലവില്‍ വന്നത്.
സര്‍ക്കുലറില്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ കുട്ടികളെ കോളേജില്‍ പ്രവേശിപ്പിക്കുകയോ, ക്ലാസില്‍ ഇരിക്കാന്‍ അനുവദിക്കുകയോ ചെയ്യില്ല.
എന്നാല്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന കോളേജില്‍, ഇറക്കം കുറഞ്ഞ വസ്ത്രം ആണ്‍കുട്ടികളെ ആകര്‍ഷിക്കുമെന്ന വാദം തെറ്റാണെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്. ഇനി പ്രശ്‌നം കോളേജിലെ അധ്യാപകര്‍ക്കാണെങ്കില്‍ അത് അവരുടെ ചിന്താഗതിയുടെ കുഴപ്പമാണെന്നും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
Discussion about this post