കാസര്‍കോട്: കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടി വേണ്ടെന്ന കേന്ദ്ര തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്.
കേന്ദ്രമന്ത്രിയോട് മര്യാദവിട്ട് പെരുമാറിയ സംഭവത്തില്‍ യതീഷ് ചന്ദ്രക്ക് എതിരായ പരാതി അങ്ങനെ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വവും പ്രതികരിച്ചു. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് അപലപനീയമാണെന്നും സംസ്ഥാന ബിജെപി നേതൃത്വം കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ എത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞെന്ന ആരോപണത്തില്‍ എസ്പി യതീഷ് ചന്ദ്രക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ നല്കിയ പരാതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരാതി തള്ളിയത്.
ശബരിമലയിലേക്ക് എത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്റെ അകമ്പടി വാഹനങ്ങള്‍ നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടാന്‍ കഴിയില്ലെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന യതീഷ് ചന്ദ്ര നിലപാടെടുത്തതും തുടര്‍ന്നുണ്ടായ വാക് തര്‍ക്കങ്ങളുമാണ് പരാതിക്ക് അടിസ്ഥാനം.
കഴിഞ്ഞ നവംബര്‍ 21ന് നിലയ്ക്കലാണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. സംഭവത്തില്‍ യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയാവശ്യപ്പെട്ട് നേതാക്കള്‍ കേന്ദ്രത്തിന് പരാതി നല്‍കുകയും, യതീഷ് ചന്ദ്രയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭവും ബിജെപി സംഘടിപ്പിച്ചിരുന്നു.