ത്രിപുര പിടിക്കാന്‍ ബിജെപിക്ക് ചുക്കാന്‍ പിടിച്ച നേതാവിനെ പാലായില്‍ ഇറക്കി ബിജെപി സംസ്ഥാന നേതൃത്വം; പ്രചാരണം കൊഴുക്കും

ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കുവാന്‍ ത്രിപുരയില്‍ നിന്ന് നേതാവിനെ ഇറക്കി ബിജെപി സംസ്ഥാന നേതൃത്വം. ത്രിപുര പിടിക്കാന്‍ ബിജെപിയെ സഹായിച്ച നേതാവായ മുംബൈ സ്വദേശി സുനില്‍ ദേവ്ധര്‍ ആണ് പാലായില്‍ പ്രചാരണത്തിന് എത്തുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ ആണ് സുനില്‍ ദേവ്ധര്‍.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ചയാണ് സുനില്‍ പാലായില്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും പ്രചാരണത്തിനെത്തുന്നുണ്ട്. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് പാലായില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.

നിലവില്‍ ബിജെപി ദേശീയ സെക്രട്ടറിയായ സുനില്‍, ത്രിപുരയുടെ ചുമതലയും ആന്ധ്രാപ്രദേശിന്റെ സഹചുമതലയും വഹിക്കുന്നുണ്ട്. സീറ്റ് ലഭിക്കില്ല എന്നുള്ള സാഹചര്യമുള്ള ഇടത്തുപോലും സീറ്റ് ഉറപ്പിക്കുന്ന പ്രചാരണം നടത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെയാണ് സുനിലിനെ സംസ്ഥാന നേതൃത്വം പാലായില്‍ ഇറക്കുന്നത്. ഇതോടെ വിജയ പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം.

Exit mobile version