കോട്ടയ്ക്കല്‍: സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടായ മഹാപ്രളയങ്ങള്‍ക്ക് ശേഷം കേളത്തിലെ ഒട്ടുമിക്ക ഔഷധ സസ്യങ്ങളും കാണാതായിരിക്കുന്നതായി കണ്ടെത്തി. സാധാരണ ഓണ സീസണില്‍ ധാരാളമായി പമ്പറുകളിലും മറ്റും കണ്ടുവരുന്ന ചെടിയാണ് മുക്കുറ്റിയും കീഴാര്‍നെല്ലിയും. എന്നാല്‍ പ്രളയത്തിന് ശേഷം കീഴാര്‍നെല്ലി, മുക്കുറ്റി, വെറ്റിലക്കൊടി തുടങ്ങിയ ഔഷധ ചെടികളുടെ ലഭ്യത 60 മുതല്‍ 70 ശതമാനം വരെ കുറഞ്ഞു.
കഴിഞ്ഞ തവണത്തേക്കാള്‍ കേരളത്തെ പ്രളയം ബാധിച്ചതിനാല്‍ സസ്യങ്ങളുടെ നഷ്ടവും കൂടി. സംസ്ഥാനത്ത് പലഭാഗങ്ങളില്‍ നിന്ന് മരുന്നുചെടികള്‍ ശേഖരിക്കുന്ന പറിമരുന്ന് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരമാണ് ഔഷധ സസ്യങ്ങളുടെ ലഭ്യത കണക്കാക്കിയത്. പ്രളയത്തില്‍ വയലുലകളില്‍ വന്‍ തോതില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വയലില്‍ ധാരാളമായി വളരുന്ന കീഴാര്‍നെല്ലി വശിച്ചു പോയി. കവുങ്ങിതോട്ടങ്ങളില്‍ വെള്ളം കേറിയതിനെ തുടര്‍ന്ന് ഇവിടങ്ങളില്‍ സമൃദ്ധമായ വളരുന്ന മുക്കുറ്റിച്ചെടിയും വെറ്റിലയും കൂട്ടത്തോടെ നശിച്ചു.
സാധാരണ പത്ത് കിലോമീറ്റര്‍ നടന്നാല്‍ കിട്ടുന്ന ഔഷധ ചെടികള്‍ രണ്ട് മഹാപ്രളയത്തിന് ശേഷം നൂറുകിലോമീറ്റര്‍ സഞ്ചരിക്കേണ്ട അവസ്ഥയാണെന്ന് പറിമരുന്ന് അസോസിയേഷനിലെ മുതിര്‍ന്ന അംഗമായ കോട്ടയ്ക്കല്‍ എ മുഹമ്മദാലി പറഞ്ഞു. മുഹമ്മദാലി ഉള്‍പ്പെടെ ഇരുപതുപേര്‍ അംഗങ്ങളായ അറഫ ട്രേഡേഴ്സ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയടക്കമുള്ള സ്ഥാപനങ്ങളിലേക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കുന്നുണ്ട്.