കൊല്‍ക്കത്ത: തേനീച്ചക്കൂട്ടം വഴിമുടക്കിയതിനെ തുടര്‍ന്ന് എയര്‍ഇന്ത്യ വിമാനം വൈകിയത് രണ്ടുമണിക്കൂറോളം. കൊല്‍ക്കത്ത വിമാനത്താവളത്തിലായിരുന്നു സംഭവം. അഗര്‍ത്തലയിലേക്ക് പുറപ്പെടാനൊരുങ്ങിയ എയര്‍ഇന്ത്യ വിമാനത്തിനു മുന്നിലാണ് തേനീച്ചകള്‍ കൂട്ടമായി സ്ഥാനമുറപ്പിച്ചത്.
ഞായറാഴ്ച രാവിലെയാണ് സംഭനവം. 136 യാത്രക്കാരുമായി പുറപ്പെടാനിരിക്കുകയായിരുന്നു വിമാനം. ഇതിനിടെയാണ് തേനീച്ചകള്‍ കൂട്ടമായി എത്തി വിമാനത്തിനുമുന്നില്‍ നിലയുറപ്പിച്ചത്. ഇതോടെ അധികൃതര്‍ പ്രതിസന്ധിയിലായി.
എന്‍ജിനിലൂടെ വിമാനത്തിനുള്ളിലേക്ക് തേനീച്ച കയറിയാല്‍ യാത്രക്കാര്‍ക്ക് അപകടമുണ്ടാകുമെന്നതിനാല്‍ റണ്‍വേയില്‍ നിര്‍ത്തിയിടുകയായിരുന്നെന്ന് എയര്‍ഇന്ത്യ വക്താവ് അറിയിച്ചു. അഗ്‌നിസുരക്ഷാസംഘമെത്തി പരിശോധിച്ചശേഷം 12.45-ഓടെയാണ് വിമാനം യാത്ര ആരംഭിച്ചത്.