മലപ്പുറം: സച്ചിനും ഭവ്യയ്ക്കും ഇനിയും ബുള്ളറ്റില്‍ ദൂരങ്ങള്‍ കീഴടക്കാം. പ്രവാസികളുടെ സ്നേഹസമ്മാനമായി സച്ചിനുള്ള ബുള്ളറ്റ് എത്തി. ബുള്ളറ്റ് വിറ്റ പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് മലപ്പുറം പോത്തുകല്ല് പൂളപ്പാടം പട്ടീരി സ്വദേശിയായ സച്ചിന് കുമാര്‍ പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായത്. കാന്‍സര്‍ രോഗിയായ ഭാര്യയുടെ യാത്രകള്‍ക്കായി ബന്ധുക്കള്‍ വാങ്ങി നല്കിയ ബുള്ളറ്റ് വിറ്റാണ് കേരളത്തിന്റെ കണ്ണീരൊപ്പാന്‍ സച്ചിനും ഭാര്യ ഭവ്യയും പങ്കുചേര്‍ന്നത്.
കാന്‍സര്‍ രോഗിയായിരുന്ന ഭാര്യ ഭവ്യയുടെ യാത്രകള്‍ക്കുകൂടി പ്രയോജനപ്പെടുന്നതിനായി ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് സച്ചിനു വാങ്ങി നല്കിയതായിരുന്നു ആ ബുള്ളറ്റ്.
ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയ്ക്കടുത്തുള്ള സ്ഥലത്താണ് സച്ചിന്റെ വീട്. ആപത്തുകാലത്ത് നാട്ടുകാരെ തുണയ്ക്കാന്‍ മറ്റു മാര്‍ഗമില്ലാത്തതിനാലാണ് തന്റെ ആകെയുണ്ടായിരുന്ന വണ്ടി വില്ക്കാന് തീരുമാനിച്ചത്. വിറ്റുകിട്ടിയ 1.15 ലക്ഷം രൂപ അന്നുതന്നെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറുകയും ചെയ്തു.
മാധ്യമങ്ങളിലൂടെ സച്ചിന്റെ നന്മ മനസ്സ് കണ്ട തിരുവല്ല സ്വദേശിയും ദുബായ് വെയ്ഡ് ആഡംസ് എച്ച്ആര്‍ കോഓര്‍ഡിനേറ്ററുമായ കെഎ സജീറും സുഹൃത്തുക്കളുമാണ് സച്ചിന് പുതിയ ബുള്ളറ്റ് വാങ്ങി നല്‍കിയത്. കഴിഞ്ഞയാഴ്ച സച്ചിന്റെ അക്കൗണ്ട് വിവരങ്ങള്‍ വാങ്ങിയിരുന്നു. വിറ്റ ബുള്ളറ്റിന്റെ അതേ മോഡല്‍ പുത്തന്‍ വണ്ടിക്കുള്ള പണം വൈകാതെ അക്കൗണ്ടിലെത്തി.
പ്രണയം കൊണ്ട് കാന്‍സറിനെ തോല്‍പ്പിച്ച സച്ചിനും ഭവ്യയ്ക്കും നിരവധി ആരാധകരുണ്ട്. നിലമ്പൂരിലെ അക്കൗണ്ടിംഗ് ഇന്സ്റ്റിറ്റ്യൂട്ടില്വെച്ചുള്ള പരിചയമാണ് സച്ചിനേയും ഭവ്യയേയും പ്രണയത്തിലാക്കിയത്. പ്രണയത്തിന്റെ രണ്ടാമത്തെ മാസമാണ് ഭവ്യക്ക് അസ്ഥികളില്‍ കാന്‍സറാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാല്‍, തന്റെ പ്രണയിനിയെ കൈവിടാന്‍ സച്ചിന് ഒരുക്കമായിരുന്നില്ല. ഭവ്യയെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരികയായിരുന്നു സച്ചിന്. സച്ചിന്റെ വീട്ടുകാരും പൂര്‍ണമനസോടെ സച്ചിന്റെ തീരുമാനത്തിനോടൊപ്പം നിന്നു. ചികിത്സയുടെ ഓരോഘട്ടത്തിലും ഭവ്യയുടെ കൂടെ നിന്ന സച്ചിന് ഒടുവില്‍ കാന്‍സര്‍ തോല്‍വി സമ്മതിച്ചതോടെയാണ് തന്റെ പോരാട്ടം അവസാനിപ്പിച്ചത്.
ഭവ്യ സുഖപ്പെട്ടു വരുന്നുവെന്നും കീമോ നിര്‍ത്തിയതായും സച്ചിന് തന്നെയാണ് ഫേസ്ബുക്കിലൂടെ മുമ്പ് അറിയിച്ചതും. അന്നും കരുതലും സ്നേഹവും അറിയിച്ച് സോഷ്യല്‍മീഡിയയും ഇരുവര്‍ക്കുമൊപ്പം നിന്നിരുന്നു.
Discussion about this post