ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ‘ഒരു രാജ്യം ഒരു ഭാഷ’ പ്രസ്താവന രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കെതിരാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. അമിത് ഷായുടെ ഹിന്ദി വാദത്തിനെതിരെ വാര്‍ത്താക്കുറിപ്പിലൂടെയാണ് സിപിഎം വിമര്‍ശനം അറിയിച്ചത്.
ഒരു ഭാഷ രാജ്യത്ത് ഒട്ടാകെ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ദോഷം ചെയ്യും. ഭരണഘടനപ്രകാരം അംഗീകരിച്ചിട്ടുള്ള ഇന്ത്യന്‍ ഭാഷകള്‍ക്ക് ഒരേ പരിഗണനയാണ് നല്‍കേണ്ടത്. ഇതിനെ അട്ടിമറിച്ചു കൊണ്ട് ആര്‍എസ്എസിന്റെ ഒരു രാജ്യം ഒരു ഭാഷ സങ്കല്‍പത്തിന് അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി എതിര്‍ക്കുന്നതായും വാര്‍ത്താ കുറിപ്പിലൂടെ പിബി അറിയിച്ചു.
നേരത്തെ അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്ത് വന്നിരുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമമാണ് ഹിന്ദി വാദം എന്നാണ് പിണറായി വിജയന്‍ പറഞ്ഞത്.
ഹിന്ദി വാദത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും നേരത്തെ രംഗത്ത് വന്നിരുന്നു.
Discussion about this post