കാസര്‍കോട് സ്റ്റോപ്പില്ല; മുഖ്യമന്ത്രിക്ക് ഇറങ്ങാന്‍ നിര്‍ത്തി കൊടുത്ത് രാജധാനി എക്‌സ്പ്രസ്

ബുധനാഴ്ച രാവിലെ അഞ്ചുമണിക്കാണ് തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് (12431) കാസര്‍കോട് ഒരുമിനിറ്റ് നിര്‍ത്തിയത്.

കാസര്‍കോട്: കാസര്‍കോട് സ്റ്റോപ്പില്ലാത്ത രാജധാനി എക്‌സ്പ്രസ് മുഖ്യമന്ത്രി പിണറായി വിജയന് ഇറങ്ങാന്‍ ഒരുമിനിറ്റ് നിര്‍ത്തി. സ്റ്റോപ്പ് അനുവദിക്കാന്‍ ദീര്‍ഘനാളായി ജനപ്രതിനിധികള്‍ സമ്മര്‍ദം ചെലുത്തിവരികയാണ്. അതിനിടെയാണ് മുഖ്യമന്ത്രിക്കുവേണ്ടി ഒരുമിനിറ്റ് നിര്‍ത്തിയത്. ഈ സാഹചര്യത്തില്‍ വണ്ടിക്ക് സ്ഥിരം സ്റ്റോപ്പനുവദിക്കണമെന്ന ആവശ്യം ശക്തമായി.

നേരത്തേ കണ്ണൂരില്‍ വണ്ടിക്ക് സ്റ്റോപ്പില്ലായിരുന്നു. മുഖ്യമന്ത്രിയായിരുന്ന നായനാര്‍ക്കുവേണ്ടി അവിടെ ഒരിക്കല്‍ സ്റ്റോപ്പ് കൊടുത്തു. ഇതിന്റെ തുടര്‍ച്ചയായി സ്ഥിരം സ്റ്റോപ്പ് കിട്ടി. സമാന സാധ്യത കാസര്‍കോട്ടും വരുമോ എന്നാണ് യാത്രക്കാര്‍ നോക്കുന്നത്.

ബുധനാഴ്ച രാവിലെ അഞ്ചുമണിക്കാണ് തിരുവനന്തപുരം-നിസാമുദ്ദീന്‍ രാജധാനി എക്‌സ്പ്രസ് (12431) കാസര്‍കോട് ഒരുമിനിറ്റ് നിര്‍ത്തിയത്. പാലക്കാട് ഡിവിഷന്‍ ഓഫീസില്‍നിന്നുള്ള നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വണ്ടി നിര്‍ത്തിയതെന്ന് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ആര്‍ക്ക് ഇറങ്ങാനാണെന്നോ എന്ത് ആവശ്യത്തിനാണെന്നോ പറഞ്ഞിരുന്നില്ല. ഒരുമിനിറ്റ് നിര്‍ത്തണമെന്നേ നിര്‍ദേശമുണ്ടായിരുന്നുള്ളൂ -അദ്ദേഹം പറഞ്ഞു.

ചെന്നൈ ദക്ഷിണ റെയില്‍വേ ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്ന് പാലക്കാട് ഡിവിഷന്‍ ഓഫീസില്‍നിന്ന് അറിയിച്ചു. സ്റ്റോപ്പ് വേണമെന്ന് തങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വ്യക്തമാക്കി. കാസര്‍കോട്ട് അഖിലേന്ത്യാ സഹകരണവാരാഘോഷ സംസ്ഥാനതല ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി വന്നത്. പുലര്‍ച്ചെ എത്തിയ അദ്ദേഹം അന്തരിച്ച പിബി അബ്ദുള്‍റസാഖ് എംഎല്‍എയുടെയും മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ളയുടെയും വസതികള്‍ സന്ദര്‍ശിച്ചു. മടിക്കൈയില്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ച അദ്ദേഹം കാര്‍മാര്‍ഗം കോഴിക്കോട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി.

ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ തിരുവനന്തപുരത്തുനിന്നും (12431) ചൊവ്വ, ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ ന്യൂഡല്‍ഹി നിസാമുദ്ദീനില്‍നിന്നും (12432) പുറപ്പെടുന്ന വണ്ടി 42 മണിക്കൂറും മുപ്പത് മിനിറ്റുംകൊണ്ട് 2867 കിലോമീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കും.

രണ്ട് ജില്ലകളില്‍ സ്റ്റോപ്പില്ല

ആകെ 19 സ്റ്റോപ്പുള്ള വണ്ടിക്ക് കേരളത്തില്‍ മലപ്പുറം, കാസര്‍കോട് ഒഴികെ വണ്ടി കടന്നുപോകുന്ന എല്ലാ ജില്ലകളിലും സ്റ്റോപ്പുണ്ട്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്.

Exit mobile version