തിരുവനന്തപുരം: മരട് ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടാന്‍ ഒരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഫ്‌ളാറ്റ് ഒഴിയാനായി നഗരസഭ നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍ക്കാറിന്റെ ഇടപെടല്‍.
വിഷയത്തില്‍ വിവിധ പാര്‍ട്ടികളുടെ അഭിപ്രായം അറിഞ്ഞ് പ്രശ്‌നത്തില്‍ തുടര്‍ നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫ്‌ലാറ്റിലെ താമസക്കാര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം. സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷനേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച അഞ്ച് ഫ്‌ളാറ്റുകള്‍ ഈമാസം 20 നകം പൊളിക്കണമെന്നാണ് സുപ്രീംകോടതിയുടെ അന്ത്യശാസനം. ഇതിന്റെ ഭാഗമായി ഫ്‌ളാറ്റുകളിലെ താമസക്കാരോട് അഞ്ച് ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നായിരുന്നു മരട് നഗരസഭ നോട്ടീസ്.