ഇത്തവണ ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍കുറവ്; ക്വാട്ട തികയ്ക്കാന്‍ പോലും ആളില്ല; സാമ്പത്തിക പ്രതിസന്ധി തിരിച്ചടിയായെന്ന് സൂചന

ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ശനിയാഴ്ച അവസാനിക്കാനിരിക്കെ ക്വോട്ട തികക്കാന്‍ പോലും അപേക്ഷകരില്ല.

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ഹജ്ജ് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍കുറവ്. ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് ശനിയാഴ്ച അവസാനിക്കാനിരിക്കെ ക്വോട്ട തികക്കാന്‍ പോലും അപേക്ഷകരില്ല. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന 1,25,000ത്തോളം പേര്‍ക്കാണ് ഹജ്ജിന് അവസരം. നിലവില്‍ എല്ലാ സംസ്ഥാനങ്ങളിലുമായി ചൊവ്വാഴ്ച വരെ 1,10,000 അപേക്ഷ മാത്രമാണ് ലഭിച്ചത്. മുന്‍ വര്‍ഷം 3,55,604 അപേക്ഷ ലഭിച്ച സ്ഥാനത്താണ് അമ്പരപ്പിക്കുന്ന ഈ കുറവ്.

ഹജ്ജ് നയത്തില്‍ വന്ന മാറ്റവും സാമ്പത്തിക പ്രതിസന്ധിയുമാണ് അപേക്ഷ കുറയാന്‍ കാരണം. കേരളത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അപേക്ഷകര്‍ കുത്തനെ കുറഞ്ഞു. കേരളത്തില്‍ ബുധനാഴ്ച വരെ 24,078 അപേക്ഷ മാത്രമാണ് ലഭിച്ചത്. 776 പേര്‍ 70 വയസ്സിന് മുകളില്‍ യാത്ര ഉറപ്പിച്ചവരാണ്. 45 വയസ്സിന് മുകളിലുള്ള, മെഹ്‌റമില്ലാത്ത സ്ത്രീകളുടെ അപേക്ഷയില്‍ 936 ഉം ജനറലില്‍ 22,366 ഉം പേരുമാണുള്ളത്. കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 69,783 അപേക്ഷകരാണുണ്ടായിരുന്നത്. 2017ല്‍ 95,238 അപേക്ഷകരും ഉണ്ടായിരുന്നു.

അപേക്ഷ കുറഞ്ഞതോടെ സമയപരിധി നീട്ടുന്നത് വെള്ളിയാഴ്ച ചേരുന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി പരിഗണിക്കും. അഞ്ചാം വര്‍ഷ അപേക്ഷകരുടെ സംവരണം പിന്‍വലിച്ചതാണ് തീര്‍ത്ഥാടകരുടെ എണ്ണം കുറയാന്‍ പ്രധാന കാരണമായി ഉയര്‍ത്തിക്കാണിക്കുന്നത്.

Exit mobile version