തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന ഉറച്ച നിലപാടുമായി തൃപ്തി ദേശായി മുന്‍പോട്ട് തന്നെ. പോലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും അയ്യപ്പനെ കാണാന്‍ എത്തുമെന്ന് തൃപ്തി അറിയിച്ചു. താന്‍ അയച്ച കത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും തൃപ്തി ദേശായി പറഞ്ഞു.
ശബരിമല ദര്‍ശനത്തിന് കേരളത്തില്‍ എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് പോലീസ് തീരുമാനിച്ചിരുന്നു. എല്ലാ തീര്‍ത്ഥാടകര്‍ക്കും നല്‍കുന്ന സുരക്ഷ അവര്‍ക്കും നല്‍കും. പ്രത്യേക പരിഗണന ഒന്നും തന്നെ നല്‍കില്ല. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി നല്‍കിയ കത്തില്‍ പോലീസ് ഇത് വരെ മറുപടി നല്‍കിയിട്ടില്ല.
തൃപ്തി ദേശായിയുടെ കത്ത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചിരുന്നു. ആറ് വനിതകള്‍ക്കൊപ്പം വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തൃപ്തി ദേശായി ഇന്നലെ കത്തയച്ചിരുന്നു.