കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ തോതില്‍ വ്യാജവാറ്റ് പിടികൂടി. വയനാട് മാനന്തവാടി മേഖലയായ കാട്ടിമൂല, വെണ്‍മണി, വാളാട് ടൗണ്‍, മേലേ വരയാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് വ്യാജവാറ്റ് പിടികൂടിയത്. എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പത്ത് ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും വാറ്റിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമാണ് കണ്ടെത്തിയത്.
സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. വാളാട് എടത്തന കരയോത്തിങ്കല്‍ ബാലചന്ദ്രന്‍ (51) ആലക്കല്‍ പുത്തന്‍മിറ്റം വെള്ളന്‍ എന്ന സതീഷ് (30), ഉക്കിടി രാജന്‍ (29) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. ബാലചന്ദ്രനില്‍ നിന്നാണ് അഞ്ച് ലിറ്റര്‍ ചാരായവും 430 ലിറ്റര്‍ വാഷും പിടികൂടിയത്. സതീഷ്, രാജന്‍ എന്നിവരില്‍ നിന്ന് അഞ്ച് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്.
ചാരായം വേണമെന്ന് വ്യാജേനയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ബാലചന്ദ്രനെ സമീപിക്കുകയായിരുന്നു. മാനന്തവാടി എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദീന്റെ നേതൃത്വത്തില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെകെ അജയകുമാര്‍, പി വിജേഷ് കുമാര്‍, കെഎം അഖില്‍, രാജേഷ്, പി വിപിന്‍ എന്നിവരാണ് പരിശോധന നടത്തിയത്.