കൊച്ചി: ഇന്ന് മരടിലെ ഫ്ളാറ്റുകളിൽ നിന്ന് ഉടമകൾ ഒഴിഞ്ഞുപോകേണ്ട അവസാന തീയതി. കുടുംബങ്ങളോട് ഒഴിയാൻ ആവശ്യപ്പെട്ട് കൊണ്ട് നഗരസഭ നൽകിയ നോട്ടീസിന്റെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. എന്നാൽ ഫ്ളാറ്റുടമകൾക്ക് പിന്തുണയുമായി സിപിഎം ഉൾപ്പടെയുള്ള രാഷ്ട്രായ പാർട്ടികൾ രംഗത്തെത്തിയതോടെ അടിയന്തിരമായി ഫ്ളാറ്റിൽ നിന്നും ഇറങ്ങേണ്ടി വരില്ലെന്ന പ്രതീക്ഷയിലാണ് ഫ്ളാറ്റിലെ താമസക്കാർ.
അതേസമയം, ഫ്ളാറ്റ് പൊളിച്ചാൽ 343 ഫ്ളാറ്റുകളിലായി 1472 പേരെയാണ് പുനരവധിവസിപ്പിക്കേണ്ടി വരികയെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. എന്നാൽ താമസക്കാരെ ഒഴിപ്പിക്കുന്നതിനെ സംബന്ധിച്ച് സർക്കാരിൽ നിന്ന് ഒരറിയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല.
ഈമാസം 20-തിനകം 4 ഫ്ളാറ്റുകളും പൊളിച്ചുമാറ്റി റിപ്പോർട്ട് സമർപ്പിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനാണ് കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി തുടങ്ങിയത്. ഫ്ലാറ്റുകളിൽ നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുമ്പോൾ എത്രപേർക്ക് പുനരധിവാസം അടിയന്തരമായി വേണ്ടിവരും എന്നത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനും ജില്ലാ ഭരണകൂടം നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭ ഉദ്യോഗസ്ഥർ കണക്കെടുപ്പ് നടത്തിയെങ്കിലും ഫ്ളാറ്റുടമകൾ പലരും സഹകരിച്ചില്ല. നഗരസഭാ ഓഫീസിലെ ഫ്ളാറ്റുടമകളുടെ വിശദാംശങ്ങൾ ശേഖരിച്ചാണ് 343 കുടംബങ്ങളുടെ കണക്ക് ജില്ലാ കളക്ടർക്ക് കൈമാറിയത്.
ഫ്ളാറ്റുകൾ പൊളിച്ച് മാറ്റാൻ വിദഗ്ധരായ കമ്പനികളെ അടിയന്തര ടെണ്ടറിലൂടെ തെരഞ്ഞെടുക്കണമെന്നും നിർദേശമുണ്ടായിരുന്നു. അഞ്ച് കമ്പനികൾ നഗരസഭയെ സമീപിച്ചതായാണ് സൂചന. എന്നാൽ, അടിയന്തരമായി കമ്പനികളെ തെരഞ്ഞെടുക്കുക പ്രയാസകരമാണെന്നാണ് നഗരസഭയുടെ നിലപാട്. ഐഐടിപോലുള്ള വിദഗ്ധരെ ഉപയോഗിച്ച് കമ്പനിയുടെ യോഗ്യത പരിശോധിക്കണെന്നാണ് നഗരസഭ സർക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ സർക്കാറിൽ നിന്ന് തുടർനടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.
Discussion about this post