ഇന്ത്യക്കാരെ ഒന്നിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതും ഹിന്ദി: അമിത് ഷായുടെ നിലപാടിനെ പിന്തുണച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായുടെ ഒറ്റ ഭാഷാ വാദത്തിനു പിന്നാലെ ഹിന്ദി അനുകൂല നിലപാട് പ്രഖ്യാപിച്ച് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

ഇന്ത്യക്കാരെ ഒന്നിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നത് ഹിന്ദി ഭാഷയാണ്. മാതൃ ഭാഷയോടൊപ്പം ഹിന്ദിയും തൊഴില്‍ മേഖലയില്‍ ഉപയോഗിക്കാമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു.

ഹിന്ദി ഭാഷാ ദിനത്തില്‍ ഒറ്റ രാജ്യം, ഒറ്റ ഭാഷാ എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ ഒരു ഭാഷവേണമെന്നും അത് ഹിന്ദി ആകുന്നതാണ് അഭികാമ്യമെന്നും അമിത് ഷാ വ്യക്തമാക്കി.

ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പരാമര്‍ശം അമിത് ഷാ പിന്‍വലിച്ചില്ലെങ്കില്‍ വീണ്ടും ഭാഷാസമരത്തിന് തയ്യാറാണെന്ന് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ പറഞ്ഞു. പ്രധാനമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Exit mobile version