കൊച്ചി: ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ കൈത്തോക്കുമായി രണ്ട് നേപ്പാള്‍ സ്വദേശികള്‍ പിടിയില്‍. നേപ്പാള്‍ സ്വദേശികളായ നവരാജ് ഖര്‍ത്തി മഗര്‍, കേശബ് പൂരി എന്നിവരാണ് പിടിയിലായത്. തോക്ക് കൂടാതെ 23 ലിറ്റര്‍ മദ്യവും ഇവരില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തു.
വൈറ്റിലയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ബാഗിലാക്കി സൂക്ഷിച്ചിരുന്ന മദ്യം കൈമാറുന്നതിനിടെയാണ് എക്‌സൈസ് ഇവരെ പിടികൂടിയത്. തുടര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കൈത്തോക്കും അഞ്ച് സ്പ്രിംങ്ങ് കത്തികളും 23 ലിറ്റര്‍ മദ്യവും 70,000 രൂപയും ഇവരില്‍ നിന്ന് പിടികൂടിയത്.
പിടിയിലായ ഇരുവര്‍ക്കും മതിയായ തിരിച്ചറിയല്‍ രേഖകളുമില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇവര്‍ കൊച്ചിയില്‍ അനധികൃതമായി താമസിച്ച് വരുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. വിശദമായ അന്വേഷണത്തിനായി പ്രതികളെ എക്‌സൈസ് സംഘം പോലീസിന് കൈമാറും.
Discussion about this post