ചേര്‍ത്തല: വിവാഹം എന്നു പറയുമ്പോള്‍ തന്നെ പഴയകാലത്ത് കാണാന്‍ ആഗ്രഹിക്കുന്നത് നവദമ്പതികളെയാണ്. പക്ഷേ ഇന്ന് അതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വിവാഹം തീരുമാനിച്ചാല്‍ നവദമ്പതികളുടെ ഏറ്റവും പുതിയ നല്ല ഫോട്ടോസ് കാണാന്‍ ആണ് ആഗ്രഹിക്കുന്നത്. വിവാഹത്തിനേക്കാള്‍ ഉപരി വിവാഹ ചിത്രങ്ങള്‍ ഗംഭീരമാക്കുവാനാണ് പുതുതലമുറ നെട്ടോട്ടം ഓടുന്നത്. കാലങ്ങള്‍ കഴിഞ്ഞാലും ഓര്‍ത്തിരിക്കാനുള്ള നല്ല നിമിഷങ്ങള്‍ അതാണ് ആ നെട്ടോട്ടത്തിനു പിന്നിലെ രഹസ്യവും. അത്തരത്തില്‍ നിരവധി ചിത്രങ്ങള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നുണ്ട്.
അവയില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് ആണ് ഇന്ന് ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ഷൈന്‍ സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തതയാണ് സമൂഹമാധ്യമങ്ങൡ നിറയുന്നത്. പുതിയ ആശയത്തിലും കഠിന പരിശ്രമത്തിലുമാണ് ചിത്രം കളറായത് എന്നു വേണം പറയാന്‍. ചേര്‍ത്തല സ്വദേശികളായ ബിച്ചു പ്രതാപനും ഇന്ദു ബിച്ചുവിന്റെയും വിവാഹ ചിത്രങ്ങളാണ് വന്‍ ഹിറ്റായി മാറിയത്.
ഐടി ഉദ്യോഗസ്ഥരാണ് രണ്ട് പേരും. വലിയ ചെമ്പുരുളിയില്‍ മാനം നോക്കി, മഴ നനഞ്ഞ് പോസ് ചെയ്യാന്‍ നവദമ്പതികള്‍ ചിലവഴിച്ചത് എട്ടു മണിക്കൂര്‍ ആണ്. പക്ഷേ അത് യഥാര്‍ത്ഥ മഴ ആയിരുന്നില്ല എന്നതാണ് ഏറെ ്‌വിചിത്രം. 8 മണിക്കൂര്‍ നേരം നിര്‍ത്താതെ കൃത്രിമ മഴ പെയ്യിക്കുകയായിരുന്നു.
പ്രധാന ഫോട്ടോഗ്രഫര്‍ ഷൈന്‍ സിദ്ധാര്‍ദ്ധിനൊപ്പം ക്യാമറാസംഘത്തിലുള്ളത് അഞ്ച് പേരാണ്. ഇവരാണ് കൃത്രിമ മഴ പെയ്യിക്കാന്‍ സഹായികളായി ഒപ്പം ഉണ്ടായിരുന്നതും. പൈപ്പ് ഉപയോഗിച്ച് കുളത്തിലേക്ക് മുകളില്‍ നിന്നും വെള്ളം വീഴ്ത്തുകയായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ജീവിതത്തില്‍ എന്നും ഓര്‍ത്തു വെക്കാനുള്ള ചില നിമിഷങ്ങള്‍ വേണമായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണത്. അപ്പോള്‍ ആളുകള്‍ സംസാരിക്കുന്ന, എന്തെങ്കിലും പ്രത്യേകതയുള്ള ഒന്ന് എന്തുകൊണ്ട് ചെയ്തുകൂടാ എന്നു തോന്നി, ഇന്ദു പറയുന്നു.
‘ബിച്ചുവിന്റെ വീടിനു പിന്‍ഭാഗത്തു തന്നെയായിരുന്നു കുളം. ഉരുളി ചലിക്കുന്നില്ലെന്നും ലൈറ്റിങ്ങ് കൃത്യമാണെന്നുമൊക്കെ ഉറപ്പു വരുത്തുന്നത് വലിയ വെല്ലുവിളി ആയിരുന്നു. കൃത്രിമമഴയില്‍ അവരുടെ മുഖത്തെ ഏറ്റവും നല്ല ഭാവങ്ങള്‍ ഒപ്പിയെടുക്കണമായിരുന്നു, ഒരു ഷോര്‍ട് ഫിലം ഉണ്ടാക്കുന്നതു പോലെ തന്നെ തന്നെയായിരുന്നു അത്” ഫോട്ടോഗ്രാഫര്‍ ഷൈന്‍ പറയുന്നു. ”ആ ആമ്പല്‍പൂക്കളും ഇലകളുമൊന്നും കുളത്തിലുണ്ടായിരുന്നില്ല. ഫോട്ടോഷൂട്ടിന്റെ ഭാഗമായി കുളത്തില്‍ ഇട്ടതാണ്. ബിച്ചുവും ഇന്ദുവും ഞങ്ങളോട് സഹകരിക്കുകയും ചെയ്തു. അവര്‍ക്ക് നല്ല താത്പര്യമായിരുന്നു”, ഷൈന്‍ പറയുന്നു.