ചേലക്കര: തിരുവോണനാളില്‍ പായസം കുടിച്ച 90 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ചേലക്കര വെങ്ങാനെല്ലൂരിലാണ് സംഭവം. സംഭവത്തില്‍ പായസം വിതരണംചെയ്ത കാറ്ററിങ് നടത്തിപ്പുകാരന്‍ വെങ്ങാനെല്ലൂര്‍ പ്ലാഴി ശശി (63)യുടെ പേരില്‍ പോലീസ് കേസെടുത്തു.
എല്ലാവര്‍ഷവും ശശി തിരുവോണനാളില്‍ പാലടപ്പായസം പാക്കറ്റുകളിലാക്കി വില്‍പ്പന നടത്താറുണ്ട്. ഇത്തവണ പായസം വാങ്ങി കുടിച്ചവര്‍ക്കാണ് ബുധനാഴ്ച വൈകീട്ടോടെയാണ് ഛര്‍ദിയും വയറിളക്കവും ഉണ്ടായത്.
ചേലക്കര ഗവ. താലൂക്ക് ആശുപത്രിയില്‍ ബുധന്‍, വ്യാഴം ദിവസങ്ങളിലായി 65 പേരും സ്വകാര്യ ആശുപത്രിയില്‍ 25 പേരും ചികിത്സതേടി.
കുട്ടികളും പ്രായം ചെന്നവരുമാണ് കൂടുതലായും ആശുപത്രിയില്‍ ചികിത്സതേടിയെത്തിയത്. എന്നാല്‍ ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവോണദിനമായതിനാല്‍ ഭൂരിഭാഗം ഡോക്ടര്‍മാരും അവധിയിലായിരുന്നു.അസ്വസ്ഥതകളോടെ ഒരേ സമയം നിരവധി പേര്‍ ചികിത്സ തേടിയെത്തിയതിനാല്‍ കളക്ടറും എംപിയും ഇടപെട്ടതോടെയാണ് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സാധിച്ചത്.
പ്രാഥമികചികിത്സയ്ക്കുശേഷം രോഗികള്‍ വീടുകളിലേക്ക് മടങ്ങി. രണ്ടുപേര്‍ മാത്രമാണ് ഇപ്പോള്‍ കിടത്തിച്ചികിത്സയിലുള്ളത്. എന്നാല്‍ പായസത്തിലുണ്ടായ വിഷബാധ എങ്ങനെ സംഭവിച്ചതാണെന്ന് അറിയില്ലെന്നാണ് കാറ്ററിങ് ഉടമ പ്ലാഴി ശശിയുടെ പ്രതികരണം. 40 ലിറ്ററിന്റെ ഒമ്പത് പ്ലാസ്റ്റിക് കാനും 30 പാക്കറ്റുകളുമായി 375 ലിറ്റര്‍ പാലാണ് വാങ്ങിയത്. 300 ലിറ്റര്‍ പാലടയാണ് വിതരണം ചെയ്തത്. തന്റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ശശി പറഞ്ഞു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലാ ഓഫീസര്‍ വികെ പ്രദീപ് കുമാര്‍ ബുധനാഴ്ച രാത്രിതന്നെ പായസത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു. പായസമുണ്ടാക്കിയത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി. ഉടമ വെങ്ങാനെല്ലൂര്‍ പ്ലാഴി ശശിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലാണ് പായസം ഉണ്ടാക്കിയിരുന്നത്. സംഭവത്തില്‍ ശശിയുടെ പേരില്‍ പോലീസ് കേസെടുത്തു. സ്ഥാപനം അടയ്ക്കാന്‍ നിര്‍ദേശിച്ചു. 20,000 രൂപ പിഴയും ഈടാക്കി.
Discussion about this post