തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ വലിയ പ്രകൃതി ദുരന്തത്തില്‍ നിന്ന് കരകയറുന്നതിന് മുമ്പേ തന്നെ 31 കരിങ്കല്‍ ക്വാറികള്‍ കൂടി തുറക്കാനൊരുങ്ങുന്നു. ഇതിനായി മൂന്ന് ജില്ലകളിലായി 31 അപേക്ഷകളില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് അംഗീകാരപത്രം നല്കി.
2016ലെ കണക്കു പ്രകാരം സംസ്ഥാനത്ത് 1385 ക്വാറികളാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ രണ്ടിരട്ടിയാണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. വന്‍ നാശത്തിനിടയാക്കിയ ഉരുള്‍പ്പൊട്ടല്‍ നടന്ന മേഖലകളില്‍ അനധികൃതമായി ധാരാളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി.
തിരുവനന്തപുരത്ത് 18, കൊല്ലം ജില്ലയില്‍ 7, പത്തനംതിട്ട ജില്ലയില്‍ 6 എന്നിങ്ങനെ ക്വാറികള്‍ തുറക്കാനാണു തീരുമാനം. വിവരാവകാശ നിയമപ്രകാരം മൈനിങ് ആന്‍ഡ് ജിയോളജി അധികൃതര്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മറ്റു വകുപ്പുകളുടെ അനുമതി കൂടി ലഭിച്ചാല്‍ ഉടന്‍ പാറ പൊട്ടിക്കാന്‍ പെര്‍മിറ്റ് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അദാനി തുറമുഖ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ പേരില്‍ തലസ്ഥാനത്തു 2 സ്ഥലങ്ങളില്‍ നല്കിയ അനുമതിയും ഇതില്‍പെടും.
Discussion about this post