എടത്വ: ഏഴ് മക്കള്‍ ഉണ്ടായിട്ടും തിരുവോണ ദിനത്തില്‍ ആരോരുമില്ലാതെ അനാഥയായ വയോധികയ്ക്ക് താങ്ങായി എടത്വ ജനമൈത്രി പോലീസ്. വയോധികയ്ക്കൊപ്പം ഓണം ആഘോഷിച്ചും സദ്യയുണ്ടുമാണ് വയോധികയ്ക്ക് താങ്ങായത്. എടത്വ കോയില്‍ മുക്ക് പറപ്പള്ളില്‍ ത്രേസ്യാമ്മയുടെ ഒപ്പമാണ് പോലീസ് ഉദ്യോഗസ്ഥര്‍ ഓണം ആഘോഷിച്ചത്. മക്കളും ബന്ധുക്കളുമെല്ലാം വിദേശത്തായതിനാല്‍ ആണ് ഈ അമ്മ ആഘോഷ നാളില്‍ തനിച്ചായത്.
പ്രായമുള്ളവര്‍ താമസിക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പട്രോളിങ്ങിനിടെയാണ് 7 മക്കളുള്ള 93 വയസ്സുകാരി പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്. കാര്യങ്ങള്‍ അറിഞ്ഞ പ്രിന്‍സിപ്പല്‍ എസ്ഐ സെസില്‍ ക്രിസ്റ്റിന് രാജ് സ്വന്തം വീട്ടില്‍ ഓണം ഉണ്ണാന്‍ നില്‍ക്കാതെ ഇവരോടൊപ്പം ഓണസദ്യ ഉണ്ണാന്‍ തീരുമാനിച്ചു. വേണ്ട വിഭവങ്ങള്‍ ഓരോ പോലീസുകാരും സ്വന്തം വീട്ടില്‍നിന്ന് എത്തിക്കുകയായിരുന്നു. ശേഷം വിഭാവ സമൃദ്ധമായ സദ്യ തന്നെ ഒരുക്കാന്‍ സാധിച്ചു.
അതിനു മുന്‍പ് ഓണക്കോടി നല്‍കാനും ഉദ്യോഗസ്ഥര്‍ മറന്നില്ല. സമീപത്തെ വീട്ടുകാരോടു പോലും ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു വയോധിക. വീടിനു ചുറ്റും ഒട്ടേറെ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.സംഭവം പുറത്തറിഞ്ഞതോടെ പ്രായമായവര്‍ ഒറ്റയ്ക്കു കഴിയുന്ന ഒട്ടേറെ വീടുകളിലേക്കു ബന്ധുക്കളും മക്കളും എത്തി. ഇത്തരത്തിലുള്ള 8 വീടുകളില്‍ മക്കള്‍ എത്തിയതായും എസ്ഐ വ്യക്തമാക്കി.
Discussion about this post