കൊച്ചി: റെക്കോര്‍ഡ് നേട്ടവുമായി കൊച്ചി മെട്രോ. ഇന്നലെ മാത്രം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം ആളുകളാണ്. ഇന്നലെ രാത്രി ഒമ്പത് മണിവരെയുള്ള കണക്കാണിത്. ഇത് ആദ്യമായിട്ടാണ് ഒരു ദിവസം ഇത്രയും യാത്രക്കാര്‍ മെട്രോയില്‍ യാത്ര ചെയ്യുന്നത്. ഓണക്കാലം ആയതിനാലാണ് ഇത്രയും യാത്രക്കാര്‍ എത്തിയത്.
ഇതിനു മുമ്പ് ഏഴാം തീയതിയാണ് കൊച്ചി മെട്രോയില്‍ ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്തത്. 99,680 യാത്രക്കാര്‍. ഓണക്കാലത്തിന്റെ തിരക്ക് പരിഗണിച്ച് സെപ്റ്റംബര്‍ 10,11,12 തീയതികളില്‍ മെട്രോയുടെ അവസാന സര്‍വീസിന്റെ സമയം നീട്ടിയിരുന്നു. ആലുവയില്‍ നിന്നും തൈക്കൂടത്തു നിന്നും രാത്രി 11മണിക്കാണ് ഈ ദിവസങ്ങളില്‍ അവസാന ട്രെയിന്‍ പുറപ്പെടുക.
മഹാരാജാസ് മുതല്‍ തൈക്കൂടം വരെ കൊച്ചി മെട്രോയുടെ സര്‍വീസ് ദീര്‍ഘിപ്പിച്ചതും നിരക്കില്‍ ഇളവ് വരുത്തിയതുമാണ് യാത്രക്കാരുടെ എണ്ണം ഇത്രയും വര്‍ധിക്കാന്‍ കാരണം. സെപ്റ്റംബര്‍ മൂന്നിനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പാത നാടിന് സര്‍പ്പിച്ചത്. ഇതോടെ മെട്രോ സ്റ്റേഷനുകളുടെ എണ്ണം 21 ആയി.