കൊച്ചി: കൊച്ചി നഗരസഭാ മേയർ സൗമിനി ജെയിനിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അവിശ്വാസ പ്രമേയ നടപടികൾ ആരംഭിച്ചത്. യുഡിഎഫ് കൗൺസിലർമാർ വിട്ടു നിന്നപ്പോൾ 33 പ്രതിപക്ഷ അംഗങ്ങൾ വോട്ടു രേഖപ്പെടുത്തി. ബിജെപി അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തെങ്കിലും വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. എൽഡിഎഫിന് 34 കൗൺസിൽ അംഗങ്ങളും ബിജെപിക്ക് രണ്ടും ഭരണപക്ഷത്ത് 38ഉം അംഗങ്ങളുമാണുള്ളത്.
മേയറുടെ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. കോൺഗ്രസിനുള്ളിൽ മേയർക്കെതിരെ ഉയരുന്ന അസംതൃപ്തിയാണ് പ്രതിപക്ഷം വോട്ടാക്കാൻ ശ്രമിച്ചത്. എന്നാൽ, മേയർ സ്ഥാനം മാറുന്നതു സംബന്ധിച്ച് കോൺഗ്രസിലെ അംഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നത എതിർവോട്ടായി മാറിയില്ല. മേയർക്കെതിരായി നിൽക്കുന്നവരെ യോഗത്തിൽ പങ്കെടുപ്പിക്കാമെന്ന് എൽഡിഎഫ് കണക്കുകൂട്ടിയെങ്കിലും വിജയിച്ചില്ല.
അവിശ്വാസ പ്രമേയത്തെ ഒറ്റക്കെട്ടായി നേരിട്ടു തോൽപ്പിക്കുന്നതിന് നേരത്തെ യുഡിഎഫ് പാർലമെന്ററി പാർട്ടി തീരുമാനിച്ചിരുന്നു. പിന്നീട് പ്രതിപക്ഷത്തിന് ചർച്ചയ്ക്ക് പോലും അവസരം നൽകാതെ ബഹിഷ്കരിച്ചു തോൽപ്പിക്കാൻ കൂട്ടായി തീരുമാനിക്കുകയായിരുന്നു.
Discussion about this post