കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സൗദിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. കരിപ്പൂര്‍ ജിദ്ദ സെക്ടറില്‍ അഞ്ചും റിയാദ് സെക്ടറില്‍ രണ്ടും സര്‍വീസുകളാണ് സൗദി എയര്‍ലൈന്‍സ് നടത്തുക. നീണ്ട കാത്തിരിപ്പിനുശേഷമാണ് കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ പറക്കാന്‍ ഒരുങ്ങുന്നത്. സൗദി എയര്‍ലൈന്‍സ് ഡിസംബര്‍ നാലുമുതല്‍ സര്‍വീസ് പുനരാരംഭിക്കും.
കരിപ്പൂരില്‍ നിന്ന് സൗദിയിലേക്ക് ആഴ്ചയില്‍ ഏഴ് സര്‍വീസുകളാണ് നേരിട്ടുള്ളത്. ഇതില്‍ 5 എണ്ണം ജിദ്ദാ സെക്ടറിലും രണ്ടെണ്ണം റിയാദ് സെക്ടറിലും ആയിരിക്കും. ടിക്കറ്റ് ബുക്കിംഗ് ഉടന്‍ ആരംഭിക്കും. ഞായര്‍, തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് ജിദ്ദയിലേക്കും, ചൊവ്വ, വെള്ളി ദിവസങ്ങളില്‍ റിയാദിലേക്കുമാണ് സര്‍വീസ് നടത്തുക.
കോഴിക്കോട് നിന്ന് റിയാദിലേക്കും ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ ഉച്ചയ്ക്ക് 12:50 ന് കരിപ്പൂരില്‍ നിന്നും പുറപ്പെടും. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ 3:10 നും റിയാദില്‍ നിന്ന് പുലര്‍ച്ചെ നാലു മണിക്കും പുറപ്പെടുന്ന വിമാനങ്ങള്‍ കാലത്ത് 11 മണിക്ക് കരിപ്പൂരിലെത്തും. കൊച്ചിയില്‍ നിന്നുള്ള രണ്ടു സര്‍വീസുകള്‍ ഒന്നാണ് ഇപ്പോള്‍ കരിപ്പൂരിലേക്ക് മാറ്റുന്നത്. 2015 മെയ് ഒന്നിന് റണ്‍വേ വികസനത്തിന് പേരില്‍ നിലച്ചുപോയ സൗദി സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്.
Discussion about this post