ശബരിമല തീര്‍ത്ഥാടകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍; ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും

നിലക്കല്‍-പമ്പ റൂട്ടിലാണ് 10 ബസ്സുകള്‍ സര്‍വ്വീസ് നടത്തുക. ഇതോടെ വാണിജ്യാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറും.

തിരുവനന്തപുരം: മണ്ഡലകാലത്ത് എത്തുന്ന ശബരിമല തീര്‍ത്ഥാടകര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ക്ക് ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ് ഇലക്ട്രിക് ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്യുക. നിലക്കല്‍-പമ്പ റൂട്ടിലാണ് 10 ബസ്സുകള്‍ സര്‍വ്വീസ് നടത്തുക. ഇതോടെ വാണിജ്യാടിസ്ഥാനത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനമായി കേരളം മാറും.

എസി ലോ ഫ്‌ളോര്‍ ബസുകളുടെ അതേ നിരക്കാകും ഈടാക്കുക. നിലയ്ക്കലില്‍ ബസുകള്‍ ചാര്‍ജ് ചെയ്യാന്‍ ചാര്‍ജിംഗ് സ്റ്റേഷനുകളും തയാറായി. മണ്ഡലകാലം കഴിഞ്ഞാല്‍ തിരുവനന്തപുരം- എറണാകുളം- കോഴിക്കോട് റൂട്ടുകളിലാകും സര്‍വ്വീസ്. വില കൂടുതലാണെങ്കിലും കുറഞ്ഞ ചെലവാണ് നേട്ടമാവുക.

ഡീസല്‍ എ സി ബസുകള്‍ക്ക് ഒരു കിലോമീറ്ററിന് 31 രൂപ ചെലവാകുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ക്ക് ചെലവ് വെറും നാല് രൂപ മാത്രം. 33 സീറ്റുകളാണ് ബസിലുള്ളത്. ഒറ്റ ചാര്‍ജിങ്ങില്‍ 300 കിലോമീറ്റര്‍ ഓടും. അന്തരീക്ഷ ശബ്ദ മലിനീകരണവുമില്ല. പത്ത് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് ചൈനീസ് കമ്പനിയില്‍ നിന്നും കെഎസ്ആര്‍ടിസി ബസുകള്‍ കേരളം സ്വന്തമാക്കിയത്.

Exit mobile version