കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
യോഗത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് അദ്ദേഹം കത്തില്‍ വിശദമാക്കി. നിരവധി ആളുകള്‍ പെരുവഴിയിലാകുന്ന വിഷയമാണിത്. ഉത്തരവ് മറികടക്കാന്‍ തീരദേശ വിജ്ഞാപനത്തിന് മുന്‍കാല പ്രാബല്യം തേടി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കണം. ഇതിനായി സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകണമെന്നും ഉമ്മന്‍ ചാണ്ടി കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മരടിലെ ഫ്ളാറ്റുടമകള്‍ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും നേരത്തെ രംഗത്ത് വന്നിരുന്നു. ഫ്ളാറ്റുകള്‍ പൊളിക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണെന്നും നിയമപരമായി ചെയ്യാന്‍ കഴിയുന്ന എല്ലാം ചെയ്യുമെന്നും കോടിയേരി പറഞ്ഞു. മരടിലെ ഫ്ളാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് പ്രായോഗികമായി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
മരട് ഫ്ളാറ്റ് നിര്‍മ്മിച്ച് നിയമലംഘനം നടത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. കയ്യേറ്റത്തില്‍ ഒരു പങ്കുമില്ലാത്ത താമസക്കാരെ ശിക്ഷിക്കുന്ന തരത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഫ്ളാറ്റിലെ താമസക്കാര്‍ അവരുടെതല്ലാത്ത കാരണത്താലാണ് ഒഴിഞ്ഞുപോകാന്‍ സുപ്രീം കോടതി പറയുന്നത്.
അതുകൊണ്ട് ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് മനുഷ്യത്വപരമായ നടപടിയുണ്ടാകണമെന്ന് കോടിയേരി പറഞ്ഞു. സെപ്റ്റംബര്‍ ഇരുപതിനകം മരടിലെ അഞ്ച് ഫ്‌ലാറ്റുകള്‍ പൊളിച്ചുമാറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാരിന് സുപ്രീംകോടതിയുടെ അന്ത്യശാസനം.
Discussion about this post