കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ഫ്‌ളാറ്റുടമകള്‍ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കും. ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ഒപ്പിട്ട ഹര്‍ജി ഇ-മെയില്‍ ആയി അയക്കും. ഇതോടൊപ്പം 140 എംഎല്‍എമാര്‍ക്കും നിവേദനം നല്‍കും.
തങ്ങള്‍ നിയമം ലംഘനം നടത്തിയിട്ടില്ലെന്നും, ഫ്‌ളാറ്റുകളില്‍ നിന്ന് തങ്ങളെ പുറത്താക്കരുതെന്നും ഇക്കാര്യത്തില്‍ രാഷ്ട്രപതിയും കേന്ദ്ര സര്‍ക്കാരും സംസ്ഥാന നിയമസഭയും ഇടപെടണമെന്നും സങ്കട ഹര്‍ജിയിലൂടെ അഭ്യര്‍ത്ഥിക്കാനാണ് ഫ്‌ളാറ്റുടമകളുടെ തീരുമാനം.
തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്ന് അഞ്ച് ദിവസത്തിനകം ഒഴിയണം എന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടമകള്‍ക്ക് മരട് നഗരസഭ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നായിരുന്നു നടപടി.
കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂര്‍ ആല്‍ഫ വെഞ്ചേഴ്സ് ഇരട്ട ഫ്‌ലാറ്റ് സമുച്ചയം, നെട്ടൂര്‍ കേട്ടേഴത്ത് കടവ് ജെയ്ന്‍ കോറല്‍ കാവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയത്. സെപ്റ്റംബര്‍ 20ന് മുമ്പ് ഫ്‌ളാറ്റുകള്‍ പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണം എന്നാണ് സുപ്രീംകോടതി ഉത്തരവ്.
Discussion about this post