തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷയില്ല; മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കും; കേരള പോലീസ്

ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് (ശനിയാഴ്ച) എത്തുമെന്നാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചത്.

തിരുവനന്തപുരം: വൃശ്ചികം ഒന്നിന് ശബരിമലയിലെത്തുമെന്ന് പറഞ്ഞ തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കില്ലെന്ന് കേരള പോലീസ്. മറ്റ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്കും ലഭിക്കുമെന്നും പോലീസ് വ്യക്തമാക്കി. ശബരിമല സന്ദര്‍ശനത്തിനായി നവംബര്‍ 17 ന് (ശനിയാഴ്ച) എത്തുമെന്നാണ് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി അറിയിച്ചത്.

അതേസമയം, സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ആറ് യുവതികള്‍ക്ക് ഒപ്പമായിരിക്കും തൃപ്തി ശബരിമല ദര്‍ശനത്തിനെത്തുക. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനെത്തുമ്പോള്‍ തന്റെയും കൂടെയുള്ളവരുടെയും മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും തൃപ്തി ദേശായി മുഖ്യമന്ത്രിയോട് കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ തുടര്‍ന്ന് സഞ്ചരിക്കാന്‍ ഞങ്ങള്‍ വാഹനങ്ങളൊന്നും പറഞ്ഞിട്ടില്ല. വാടകയ്ക്ക് കാര്‍ വിളിച്ചാല്‍ ഞങ്ങള്‍ വഴിയില്‍ ആക്രമിക്കപ്പെടാന്‍ ഇടയുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ഒരു കാര്‍ നല്‍കണം. അതുപോലെ, പതിനാറാം തീയതി കോട്ടയത്ത് ഞങ്ങള്‍ക്ക് താമസിക്കാന്‍ ഒരു ഗസ്റ്റ് ഹൗസോ ഹോട്ടലോ ക്രമീകരിക്കണം.

17ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ഞങ്ങള്‍ കോട്ടയത്തുനിന്ന് പുറപ്പെടും. ഏഴുമണിയോടെ ദര്‍ശനത്തിനായി ഞങ്ങള്‍ ശബരില സന്നിധാനത്ത് എത്തും. ഈ സമയത്ത് നിയമം കയ്യിലെടുക്കുന്നവര്‍ക്കും ഞങ്ങളെ തടയാന്‍ നോക്കുന്നവര്‍ക്കും എതിരെ നടപടിയുണ്ടാകണമെന്നുമെല്ലാം തൃപ്തി ദേശായി കത്തില്‍ ആവശ്യപ്പെട്ടു. ഈ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്ന പ്രത്യേക സുരക്ഷ നല്‍കാനാവില്ലെന്നാണ് പോലീസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

Exit mobile version