തിരുവനന്തപുരം: തീവണ്ടിയിലെ ലേഡീസ് ഓണ്‍ലി കോച്ചികള്‍ നിര്‍ത്തലാക്കുന്നുവെന്ന് അറിയിച്ച് ഇന്ത്യന്‍ റെയില്‍വെ. ദീര്‍ഘദൂര തീവണ്ടികളിലാണ് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക കോച്ചുകളാണ് റെയില്‍വെ നിര്‍ത്തലാക്കുന്നത്. പകരം ജനറല്‍കോച്ചുകളിലെ നിശ്ചിത സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റിവയ്ക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്റെ മാതൃകയില്‍ സ്ത്രീകളുടെ സീറ്റുകള്‍ തിരിച്ചറിയാന്‍ സ്റ്റിക്കര്‍ പതിക്കും.
തിരുവനന്തപുരം-ചെന്നെ മെയില്‍, കൊച്ചുവേളി-ബംഗളൂരൂ എന്നീ തീവണ്ടികളിലാണ് ആദ്യഘട്ടത്തില്‍ ഈ ക്രമീകരണം നടപ്പാക്കിയത്. മറ്റു തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഈ രണ്ട് തീവണ്ടികളിലും നിലവിലുള്ള മൂന്ന് ജനറല്‍ കമ്പാര്‍ട്ട്മെന്റുകളിലൊന്നില്‍ ഒന്നുമുതല്‍ 30 വരെയുള്ള സീറ്റുകള്‍ സ്ത്രീകള്‍ക്കുവേണ്ടി മാറ്റി. മുന്‍കൂര്‍ അറിയിപ്പുനല്‍കാതെ സീറ്റുകള്‍ക്ക് മുകള്‍ഭാഗത്ത് സ്ത്രീസംവരണം എന്നെഴുതി ഒട്ടിച്ചത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്.
ടിക്കറ്റ് പരിശോധകരും റെയില്‍വെ സംരക്ഷണസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഈ സീറ്റുകളിലിരിക്കുന്ന പുരുഷന്മാരെ മാറ്റുന്നത്. പലര്‍ക്കും പിഴചുമത്തി. സുരക്ഷിതത്വത്തിനുവേണ്ടിയാണ് സ്ത്രീകള്‍ക്ക് പ്രത്യേകം കോച്ചുകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ജനറല്‍കോച്ചിന്റെ ഒരുഭാഗം മാറ്റിവെച്ചുള്ള പുതിയ സംവരണരീതി സുരക്ഷാഭീതിയും ഉണ്ടാക്കുന്നുണ്ട്. പോലീസുകാരില്ലെങ്കില്‍ സ്ത്രീകളുടെ സീറ്റ് പലരും കൈവശപ്പെടുത്തും. കോച്ചുക്ഷാമമാണ് സീറ്റ് സംവരണ രീതിയിലേക്ക് എത്താന്‍ റെയില്‍വെയ്ക്ക് പ്രേരണയായത്.
Discussion about this post