തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തില്‍ സമവായംതേടിയുള്ള സര്‍വകക്ഷി യോഗം വ്യാഴാഴ്ച രാവിലെ 11-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടക്കും. നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിനാണ് യോഗം കൂടുന്നത്. സര്‍വകക്ഷിയോഗത്തിനു മുന്നോടിയായി ബുധനാഴ്ച സര്‍ക്കാര്‍തലത്തിലും അല്ലാതെയും തിരക്കിട്ട ചര്‍ച്ചകളും കൂടിയാലോചനകളും നടന്നു. ശബരിമലയില്‍ രാഷ്ട്രീയ ഐക്യത്തിനും സമവായത്തിനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ചര്‍ച്ചയ്ക്കുവരുന്ന ആരുംതന്നെ മുന്‍നിലപാടുകളില്‍ നിന്ന് പിന്നോട്ടു പോകാനിടയില്ല.
പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്ന ജനുവരി 22 വരെയെങ്കിലും യുവതീപ്രവേശം അനുവദിക്കരുതെന്നതാകും ഇവരുടെ ആവശ്യം. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ ഇല്ലാത്ത സ്ഥിതിക്ക് ഈ ആവശ്യം അംഗീകരിക്കുന്നതിലെ അപ്രയോഗികത സര്‍ക്കാരിനും ദേവസ്വംബോര്‍ഡിനും ഉണ്ട്. നിയമോപദേശം ലഭിച്ചതും ഈ നിലയ്ക്കാണ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. യോഗതീരുമാനം തൃപ്തികരമല്ലെങ്കില്‍ അയ്യപ്പകര്‍മസമിതി എടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്‍കുമെന്ന് ശ്രീധരന്‍പിള്ള അറിയിച്ചു. പന്തളം കൊട്ടാരവും തന്ത്രികുടുംബവും പങ്കെടുക്കുമെന്ന് കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പിജി ശശികുമാര്‍ വര്‍മ്മ പറഞ്ഞു.