തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്ന ആവശ്യമ നാനഭാഗത്തു നിന്നും ശക്തമാകുന്നതിനിടെ പ്രതികരണവുമായി സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാറാകാത്ത പിഎസ്‌സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ പ്രതികരിച്ചു. മലയാളത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തിരഹിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിഎസ്‌സി പരീക്ഷ മലയാളത്തിൽ നടത്തണമെന്ന ആവശ്യമുന്നയിച്ച് ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പിഎസ്‌സി ഓഫീസിന് മുന്നിൽ നടത്തുന്ന നിരാഹാര സമര പന്തലിൽ വെച്ചാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
‘സമര സമ്മർദ്ദങ്ങളുണ്ടായിട്ടും തീരുമാനം മാറ്റുന്നില്ലെങ്കിൽ പിഎസ്‌സി പിരിച്ചുവിടേണ്ടതാണ്. ഒരാൾക്ക് സ്വാഭാവികമായി മനസിലാക്കുന്ന ഭാഷ മാതൃഭാഷയാണ്. അതുകൊണ്ട് തന്നെ മാതൃഭാഷ അറിയുന്ന ഒരാൾ ഏത് ഭാഷയും പഠിക്കും. നമ്മുടെ ഭാഷ അറിഞ്ഞാൽ മാത്രമേ മറ്റ് ഭാഷകൾ മനസിലാക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇംഗ്ലീഷിൽ പരീക്ഷ നടത്തുന്നതാണ് അരക്ഷിതം’ എന്നും അടൂർ കൂട്ടിച്ചേർത്തു.
മറ്റ് സംസ്ഥാനങ്ങളിലേത് പോലെ പിഎസ്‌സി ചോദ്യങ്ങൾ ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷയിലും നൽകി തുല്യനീതി ഉറപ്പാക്കുക എന്നതാണ് സമരത്തിലെ ആവശ്യം. വിഷയത്തിൽ മുഖ്യമന്ത്രി സെപ്റ്റംബർ 16ന് പിഎസ്‌സിയുമായി ചർച്ച നടത്തും.
Discussion about this post