മരട് ഫ്‌ളാറ്റ് കേസ്; ഫ്‌ളാറ്റ് ഉടമസ്ഥരുടെ തിരുത്തല്‍ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

ഗോള്‍ഡന്‍ കായലോരം റെസിഡന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് ഫയലില്‍ സ്വീകരിച്ചത്

ന്യൂഡല്‍ഹി: തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റ് പൊളിക്കാന്‍ ഉത്തരവിട്ടുള്ള വിധിക്കെതിരെ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. കോടതി രജിസ്റ്ററിയാണ് ഹര്‍ജി സ്വീകരിച്ചിരിക്കുന്നത്. ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചത് ഫ്‌ളാറ്റുടമകള്‍ക്ക് താത്കാലിക ആശ്വാസമായി.

ഗോള്‍ഡന്‍ കായലോരം റെസിഡന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയാണ് ഫയലില്‍ സ്വീകരിച്ചത്. ഫ്‌ളാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ട്. അത് തിരുത്തണം എന്നിവയാണ് ഹര്‍ജിയില്‍ പറയുന്നത്.

കൂടാതെ സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയുടെ ഘടന മാറ്റിയത് കോടതിയുടെ അനുമതിയില്ലാതെയാണ്. മൂന്നംഗ സമിതി വിദഗ്ദ്ധ സമിതിക്ക് രൂപം നല്‍കിയതും കോടതിയുടെ അനുമതിയോടെയല്ല. തുടങ്ങിയ കാര്യങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചായിരിക്കും തിരുത്തല്‍ ഹര്‍ജി പരിഗണിക്കുക. ചേംബറിലായിരിക്കും സാധാരണ രീതിയില്‍ തിരുത്തല്‍ ഹര്‍ജികള്‍ പരിഗണിക്കുക. എന്നാല്‍ തുറന്ന കോടതിയില്‍ ഹര്‍ജി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. അഞ്ചംഗ ബെഞ്ച് തന്നെ ഇക്കാര്യത്തിലും തീരുമാനമെടുക്കും.

മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം 20-നകം പൊളിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

Exit mobile version