തിരുവോണത്തിന് മരട് നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരുന്ന് മരടിലെ ഫ്‌ളാറ്റുടമകള്‍

ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ച അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ളത്

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ മരട് നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരിക്കും. രാവിലെ പത്ത് മണിക്കാണ് നഗരസഭയ്ക്ക് മുന്നില്‍ നിരാഹാരമിരിക്കുക. അഞ്ച് ദിവസത്തിനകം ഫ്‌ലാറ്റുകളില്‍ നിന്നും ഒഴിഞ്ഞുപോകണമെന്ന് കാണിച്ച് നഗരസഭ നോട്ടീസ് നല്‍കിയതിനെതിരെയാണ് ഫ്‌ളാറ്റുടകളുടെ പ്രതിഷേധം.

ഓണാവധി ദിവസമായിട്ടും നോട്ടീസ് പതിച്ച അധികൃതര്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ളത്. ഈ പശ്ചാത്തലത്തിലാണ് തിരുവോണ ദിവസം നിരാഹാരമിരിക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്. നഗരസഭയില്‍ നിന്ന് ജീവനക്കാര്‍ പുറത്ത് പോകുന്നത് വരെ സമരം തുടരും.ഓണാവധിക്ക് ശേഷം നേരിട്ടെത്തി നോട്ടീസ് കൈപറ്റാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ തയ്യാറായില്ലെന്ന് ഉടമകള്‍ പറയുന്നു.

ഫ്‌ളാറ്റുകള്‍ ഒഴിയാന്‍ അഞ്ച് ദിവസമാണ് നഗരസഭ നല്‍കിയിരിക്കുന്നത്. ഒഴിഞ്ഞില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു.

തീരദേശ പരിപാലന നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം 20നകം പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. ഹോളി ഫെയ്ത്ത്, കായലോരം, ആല്‍ഫാ വെഞ്ചേഴ്‌സ്, ഹെറിറ്റേജ്, ജെയ്ന്‍ ഹൗസിംഗ് എന്നീ അപ്പാര്‍ട്‌മെന്റുകളാണ് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നത്.

അതെസമയം മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവിനെതിരെ ഫ്‌ളാറ്റുടമകള്‍ ഇന്ന് തിരുത്തല്‍ ഹര്‍ജി നല്‍കിയേക്കും. കേസിലെ പുനഃപരിശോധന ഹര്‍ജി നേരത്തെ കോടതി തള്ളിയിരുന്നു.

Exit mobile version