കോട്ടയം: ഭിന്നതകള്‍ മറന്ന് പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി സജീവമായി പ്രചാരണത്തിനിറങ്ങുമെന്ന് പിജെ ജോസഫ്. അതിനുള്ള അനുകൂല സാഹചര്യം ഒരുക്കുമെന്ന് യുഡിഎഫ് നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസ്-എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫ് ഉപസമിതി വിളിച്ച അനുനയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഭിന്നതകള്‍ മറന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസഫ് വ്യക്തമാക്കിയത്. കോട്ടയം ഡിസിസിയിലാണ് കോണ്‍ഗ്രസ് നേതാക്കളുമായി ജോസഫ് വിഭാഗത്തിലെ നേതാക്കള്‍ അനുനയ ചര്‍ച്ച നടത്തിയത്.
ജോസഫ് വിഭാഗത്തെ പ്രതിനിധീകരിച്ച് മോന്‍സ് ജോസഫ്, ടിയു കുരുവിള, ജോയ് എബ്രഹാം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇന്നലെ ചര്‍ച്ച നിശ്ചയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതാക്കളുടെ അസൗകര്യത്തെ തുടര്‍ന്ന് മാറ്റിയിരുന്നു.
ചര്‍ച്ചക്ക് പിന്നാലെ ഓണത്തിനു ശേഷം പിജെ ജോസഫ് പ്രചാരണത്തിനെത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും പറഞ്ഞിരുന്നു. ഇനി അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് പിജെ ജോസഫിന് യുഡിഎഫ് ഉറപ്പ് നല്‍കി. അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും ബെന്നി ബെഹ്നാന്‍ വ്യക്തമാക്കിയിരുന്നു.
ബെന്നി ബെഹനാനെയും മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയുമാണ് ജോസഫിന്റെ അതൃപ്തി പരിഹരിക്കാന്‍ കെപിസിസി ചുമതലപ്പെടുത്തിയിരുന്നത്.
Discussion about this post