മൂന്നാര്‍: മൂന്നാറില്‍ ഓടിക്കൊണ്ടിരിക്കുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുകാരി റോഡില്‍ വീണ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ നടപടി എടുത്ത് പോലീസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്‌തെന്ന് കാണിച്ച് ജുവൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് കേസ് എടുക്കാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്.
കുട്ടിയെ ഇവര്‍ റോഡില്‍ മനപൂര്‍വ്വമായല്ല ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ ഇവരെ വിട്ടയച്ചിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ ആണ് ഇവര്‍ക്കെതിരെ വീണ്ടും നടപടി എടുത്തിരിക്കുന്നത്.
പഴനിയില്‍ നിന്നുള്ള മടക്കയാത്രയിലാണ് കഴിഞ്ഞ ദിവസം രാത്രി കുട്ടി രാജമല ചെക്‌പോസ്റ്റിന് സമീപം വീണത്. കുഞ്ഞ് വഴിയില്‍ വീണ കാര്യം വീട്ടുകാര്‍ അറിഞ്ഞത് വീട്ടില്‍ എത്തിയതിന് ശേഷമാണ്. വനപാലകര്‍ സിസിടിവിയില്‍ കുഞ്ഞ് ഇഴഞ്ഞ് വരുന്നത് കണ്ടത് കൊണ്ടാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. പോലീസിന്റെ സഹായത്തോടെ മുഖത്ത് നിസ്സാര പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ഇവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.