കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഫ്‌ളാറ്റ് പൊളിക്കാന്‍ താത്പര്യപത്രം ക്ഷണിച്ചുകൊണ്ട് നഗരസഭ പത്രങ്ങളില്‍ പരസ്യം നല്‍കി. ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ താത്പര്യമുള്ള ഏജന്‍സികള്‍ ഈ മാസം 16 നകം അപേക്ഷ സമര്‍പ്പിക്കണമെന്നാണ് പരസ്യത്തില്‍ പറയുന്നത്.
പതിനഞ്ചു നിലകള്‍ വീതമുള്ള നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് പൊളിക്കാനുള്ളത്. നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാനാണ് തീരുമാനം. ഇതിനായി വിദഗ്ധരുടെ പാനല്‍ തയാറാക്കും. ഫ്‌ളാറ്റുകളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കും.
ഫ്‌ളാറ്റുകളില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ്, നഗരസഭ ഉടമകള്‍ക്ക് ചൊവ്വാഴ്ച നല്‍കും. തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചു നിര്‍മിച്ച ഫ്‌ളാറ്റുകള്‍ ഈ മാസം 20നു മുമ്പ് പൊളിച്ചുനീക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കഴിഞ്ഞ ആറിനാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് അന്ത്യശാസനം നല്‍കിയത്.
Discussion about this post