ഇടുക്കി: കഴിഞ്ഞ ദിവസം അത്ഭുതത്തോടെയാണ് ഒരു കുഞ്ഞിന്റെ രക്ഷപ്പെടല്‍ നാം കണ്ടത്. ഓടുന്ന ജീപ്പില്‍ നിന്നും തെറിച്ചു വീണ കുഞ്ഞ് വെളിച്ചമുള്ള ഇടത്തേയ്ക്ക് മുട്ടില്‍ ഇഴഞ്ഞു പോയത് ഏവരെയും അത്ഭുതപ്പെടുത്തിയ ഒന്നാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ആ രക്ഷപ്പെടല്‍ പുറംലോകം അറിഞ്ഞത്.
ഇപ്പോള്‍ ആ കുഞ്ഞിന്റെ രക്ഷപ്പെടലിന് നിമിത്തമായത് വനംവകുപ്പ് വാച്ചര്‍ കൈലേശായിരുന്നു. ആ കുഞ്ഞിന് പുതുജീവിതം നല്‍കിയത് തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടല്‍ മൂലം തന്നെയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് ആദ്യം ഓടിയെത്തിയത് വാച്ചര്‍ ആ കൈലേശ് ആയിരുന്നു. ശേഷം കുട്ടിയെ വാരിയെടുത്ത് മുറിയിലെത്തിച്ചു. ഇതോടെ വിശ്വനാഥനും എത്തി. ഇരുവരും കൂടി കുട്ടിയുടെ മുഖത്ത് പറ്റിയ രക്തം തുടച്ചശേഷം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെ വിവരമറിയിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ അവര്‍ കുട്ടിയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയും മാതാപിതാക്കളെ കണ്ടെത്താന്‍ പോലീസിന്റെ സഹായം തേടുകയുമായിരുന്നു. നിര്‍ത്താതെ കരയുന്ന കുട്ടിയുടെ മുഖമാണ് ഇപ്പോഴും മനസില്‍ തെളിയുന്നതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മണിക്കൂറുകള്‍ക്കുശേഷം മാതാപിതാക്കള്‍ എത്തി കുട്ടിയെ ഏറ്റുവാങ്ങിയപ്പോഴാണ് തങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷമുണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം പഴനി ക്ഷേത്രദര്‍ശനത്തിനുശേഷം മടക്കയാത്രയ്ക്കിടയില്‍ രാജമലയിലെ അഞ്ചാം മൈലില്‍ വച്ച് ജീപ്പില്‍ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്.