സന്നിധാനം: ഓണം വിശേഷാൽ പൂജകൾക്കായി ശബരിമല നടതുറന്നു. ഓണസദ്യകൾക്കുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പൂർത്തിയായി. പൂജകൾ കണ്ടുതൊഴുത് ഓണസദ്യകളിൽ പങ്കാളികളാകാൻ ആയിരങ്ങള്‍ മലചവിട്ടുകയാണ്.മേൽശാന്തി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിയിച്ച ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. അതിനു ശേഷം ഭക്തർ പതിനെട്ടാംപടി കയറി. 19 കൂട്ടം വിഭവങ്ങളുമായി ഇന്ന് ഉത്രാട സദ്യ നടക്കും.
ദേവസ്വം ബോർഡിന്റെ വകയാണ് നാളത്തെ തിരുവോണ സദ്യ. ഇതിന് ആവശ്യമായ അരി, പലചരക്ക്, പച്ചക്കറി സാധനങ്ങൾ ഭക്തരാണ് സന്നിധാനത്ത് എത്തിച്ചത്. കളഭാഭിഷേകവും സഹസ്രകലശാഭിഷേകവുമാണ് ഓണം പൂജകളിൽ പ്രധാനം. ഇന്ന് മുതൽ 13 വരെ ഉച്ചയ്ക്ക് കളഭാഭിഷേകം നടക്കും. 13ന് രാത്രി 10ന് നട അടയ്ക്കുന്നതോടെ ഓണ പൂജകൾ അവസാനിക്കും.
അതേസമയം, പുലി വാഹനനായ അയ്യപ്പന്റെ 30 അടി ഉയരത്തിലുള്ള രൂപത്തിന്റെ നിർമാണത്തിന് പമ്പാ ത്രിവേണിയിൽ തുടക്കമായി. ഇരുമ്പിന്റെ പുറംചട്ട സ്ഥാപിക്കുന്ന ചടങ്ങ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഉദ്ഘാടനം ചെയ്തു. അടുത്ത തീർത്ഥാടനം ആരംഭിക്കുന്നതിന് മുൻപ് നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതി.
Discussion about this post