മൂന്നാര്‍: യാത്രയ്ക്കിടെ ജീപ്പില്‍ നിന്നും ഒന്നരവയസ്സുകാരി തെറിച്ചുവീണ സംഭവത്തില്‍ വിശദീകരണവുമായി മാതാപിതാക്കള്‍ രംഗത്ത്. സംഭവത്തില്‍ കുടുംബത്തിനെതിരെ മോശമായ ആരോപണം ഉയരുന്നതിനിടെയാണ് അച്ഛന്‍ വിശദീകരണവുമായെത്തിയത്. കമ്പിളികണ്ടം സ്വദേശികളായ സതീഷ്, സത്യഭാമ എന്നിവരുടെ മകള്‍ രോഹിതയാണ് അബദ്ധത്തില്‍ റോഡില്‍ വീണത്
ഭാര്യ മരുന്ന് കഴിച്ച് ഉറങ്ങിപ്പോയതാണ് കുഞ്ഞ് വീണത് അറിയാതെ പോയതിന് കാരണമെന്ന് അച്ഛന്‍ സതീഷ് പറഞ്ഞു. ദൂരയാത്രയുടെ ക്ഷീണവും മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തിലും ഭാര്യ നല്ല ഉറക്കത്തിലായിരുന്നു. പിന്നെ തങ്ങളുടെ കൂടെ പത്ത് മുതിര്‍ന്നവരും മൂന്ന് കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഇടയ്‌ക്കെപ്പോഴോ നോക്കിയപ്പോള്‍ അമ്മയുടെ കൈയ്യില്‍ ഒരു കുഞ്ഞുണ്ടായിരുന്നു. അത് താഴെവീണ കുഞ്ഞാണെന്ന് കരുതി യാത്ര തുടര്‍ന്ന് പിന്നീടാണ് കുഞ്ഞിനെ നഷ്ടപ്പെട്ട കാര്യം അറിയുന്നതെന്നും സതീഷ് പറയുന്നു.
അതിനിടെ സംഭവം വിവാദമായതോടെ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള ശ്രമമായിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് തങ്ങള്‍ക്ക് കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള ചിന്തയൊന്നും ഉണ്ടായിട്ടില്ലെന്നും പ്രചാരണങ്ങളോട് സതീഷ് പറഞ്ഞു.
ഞായറാഴ്ച്ച രാത്രി 10 മണിയ്ക്കായിരുന്നു സംഭവം. കമ്പിളികണ്ടം സ്വദേശികളായ സതീഷ്, സത്യഭാമ എന്നിവര്‍ ഞായറാഴ്ച രാവിലെ പഴനിയില്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങുന്നതിനിടയിലായിരുന്നു സംഭവം നടന്നത്. ഞായറാഴ്ച വൈകുന്നേരത്തോടെ പഴനിയില്‍ നിന്നും മടങ്ങുന്നതിനിടയില്‍ രാജമല അഞ്ചാം മൈലില്‍ വച്ചായിരുന്നു സംഭവം. വളവു തിരിയുന്നതിനിടയില്‍ ജീപ്പിന്റെ അരികിലിരുന്ന മാതാവിന്റെ കൈയ്യില്‍ നിന്നും കുട്ടി തെറിച്ചു വീഴുകയായിരുന്നു. കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു.
ഈ സമയത്ത് രാത്രി ഡ്യൂട്ടിയിലുണ്ടിയിരുന്ന വനംവകുപ്പ് ജീവനക്കാര്‍ സിസിടിവിയില്‍ എന്തോ ഒന്ന് റോഡില്‍ ഇഴഞ്ഞു നടക്കുന്നത് കണ്ടതോടെ ഇറങ്ങി കുട്ടിയെ എടുക്കുകയായിരുന്നു. മുഖത്തും നെറ്റിയിലും പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നടത്തുകയും ചെയ്തു.
ഇതിനിടയില്‍ പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തുകയും ചെയ്തു. വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയിലാണ് കുട്ടി ഇല്ലെന്ന് തിരിച്ചറിയുന്നത്. ജീപ്പില്‍ അന്വേഷിച്ചിട്ട് കാണാത്തതിനെ തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ചെയ്ത്. വെള്ളത്തൂവല്‍ സ്റ്റേഷിനില്‍ നിന്നും മൂന്നാറിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്.
മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന് വിവരം ധരിപ്പിച്ച ശേഷം മാതാപിതാക്കളെ മൂന്നാറില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. കമ്പിളികണ്ടത്തു നിന്നും യാത്ര പുറപ്പെട്ട് മൂന്നു മണിയോടെ മൂന്നാറിലെത്തിയ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറുകയായിരുന്നു.
അതേസമയം, സംഭവത്തില്‍ ഇടപെട്ട സംസ്ഥാന ശിശുക്ഷേമ സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ കാര്യത്തില്‍ അനാസ്ഥയുണ്ടായെന്ന് ബോധ്യപ്പെട്ടാല്‍ മാതാപിതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ശിശുക്ഷേമ സമിതി അദ്ധ്യക്ഷന്‍ എസ്പി ദീപക് അറിയിച്ചു.
Discussion about this post