കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി പിടി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സമവായ ചര്‍ച്ച പരാജയം. ഇതോടെ, മുത്തൂറ്റിലെ ഒരുവിഭാഗം ജീവനക്കാര്‍ നടത്തുന്ന സമരം തുടരും.
ചര്‍ച്ചയില്‍ ചില വിഷയങ്ങളില്‍ ധാരണ ഉണ്ടായതായും എന്നാല്‍ കുറച്ച് കാര്യങ്ങളില്‍ തീരുമാനമെടുക്കാനായില്ലെന്നും മന്ത്രി പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ബോണസും പിടിച്ചുവച്ച ശമ്പളവും നല്‍കാമെന്ന് കമ്പനി അധിക്യതര്‍ അറിയിച്ചെങ്കിലും പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് സിഐടിയു സംസ്ഥാന സെക്രട്ടറി കെഎന്‍ ഗോപിനാഥ് അറിയിച്ചു.
അതേസമയം, മന്ത്രി ടിപി രാമകൃഷ്ണനുമായി ചര്‍ച്ച നടത്തിയ മുത്തൂറ്റ് എംഡി ജോര്‍ജ് അലക്സാണ്ടര്‍ യോഗത്തില്‍ പങ്കെടുത്തില്ല. മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്നും ആര്‍ബിഐയുടെ അനുമതി തേടിയിട്ടുണ്ടെന്നും ജോര്‍ജ് അലക്സാണ്ടര്‍ വ്യക്തമാക്കിയിരുന്നു.
നേരത്തെ മുത്തൂറ്റ് മാനേജ്മെന്റ് പ്രതിനിധികള്‍ പങ്കെടുക്കാത്തതിനാല്‍ മന്ത്രി തിരുവനന്തപുരത്ത് വിളിച്ച് ചേര്‍ത്ത സമവായ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.
Discussion about this post