കോഴിക്കോട്: മലയാളികള്‍ക്ക് മാത്രമല്ല, ഭായിമാര്‍ക്കും ബസുകള്‍ തടയാന്‍ സാധിക്കുമെന്ന് തെളിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. തങ്ങള്‍ക്ക് കിട്ടാനുള്ള ചില്ലറ ചോദിച്ചാണ് നഗരമധ്യത്തില്‍ വെച്ച് ബസിനെ ഭായിമാര്‍ തടഞ്ഞത്. സിറ്റി ഓര്‍ഡിനറി ബസില്‍ കയറിയ പതിനഞ്ചോളം വരുന്ന ഹിന്ദിക്കാര് ഓരോരുത്തരും ടിക്കറ്റിന് 10 രൂപ വച്ച് കണ്ടക്ടര്‍ക്ക് കൊടുത്തു.
എട്ടു രൂപ ടിക്കറ്റിന്റെ ബാക്കി ഇത്രയും പേര്‍ക്ക് രണ്ട് രൂപ വെച്ച് കൊടുക്കാന്‍ ഇല്ലാത്തതിന്റെ പേരില്‍ കണ്ടക്ടര്‍ അഞ്ചും, നാലും, മൂന്നും പേര്‍ക്കൊക്കെയായി പതിനഞ്ച് പേര്‍ക്കും ഉള്ള ബാലന്‍സ് തുക ചില്ലറ പെറുക്കി കൊടുത്തു. ശേഷം ഇറങ്ങിയിട്ട് അവരോട് വീതിച്ചെടുക്കുവാനും പറഞ്ഞു. എന്നാല്‍ ഭായിമാര്‍ക്ക് ഓരോരുത്തര്‍ക്കും രണ്ടു രൂപ ബാലന്‍സ് വേണമെന്നു ശഠിക്കുകയും, ചില്ലറയില്ലാതിരുന്നതിനാല്‍ അതിനു കണ്ടക്ടര്‍ മുതിരാതിരിക്കുകയും ചെയ്തു.
ഇതോടെ ബസില്‍ നിന്നിറങ്ങിയ ഭായിമാര്‍ നഗരമധ്യത്തില്‍ വെച്ച് ബസ് തടയുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും ഇത്തരമൊരു കൂട്ടായ നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് മറ്റൊരു വസ്തുത. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു കഴിഞ്ഞു.