ന്യൂഡല്‍ഹി: നിയമം ലംഘിച്ച് മരടില്‍ നിര്‍മ്മിച്ച ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. തിരുത്തല്‍ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ഹര്‍ജിക്കാരുടെ വാദം. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.
ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചതിലെ നിയമലംഘനം പരിശോധിക്കാനായി സുപ്രിംകോടതി നേരത്തെ മൂന്നംഗ വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിരുന്നു. തദ്ദേശ സ്വയംഭരണ സെക്രട്ടറി, കളക്ടര്‍, ചീഫ് മുനിസിപ്പില്‍ ഓഫീസര്‍ എന്നിവരാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഈ സമിതി ഫ്ലാറ്റ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇത് പ്രകാരമാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. അതിനാല്‍ തങ്ങളുടെ ഭാഗം കേള്‍ക്കാതെ തയാറാക്കി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. പൊളിച്ചു നീക്കേണ്ട ഫ്ലാറ്റുകള്‍ ഇന്ന് ചീഫ് സെക്രട്ടറി സന്ദര്‍ശിക്കാനിരിക്കെയാണ് റിട്ട് ഹര്‍ജിയുമായി ഉടമകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ഈ മാസം 20 നകം മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന അന്ത്യശാസനം സുപ്രിംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഫ്ലാറ്റുകള്‍ പൊളിച്ചുനീക്കി അതിന്റെ റിപ്പോര്‍ട്ട് കോടതിക്ക് കൈമാറണമെന്നും, 23 ന് കേസ് പരിഗണിക്കുമ്പോള്‍ കേരള ചീഫ് സെക്രട്ടറി സുപ്രിംകോടതിയില്‍ നേരിട്ട് ഹാജരാക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.
Discussion about this post