കെ കരുണാകരന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ സമ്പാദിച്ചത് കോടികൾ

ചെറുപുഴ: കെ കരുണാകരന്റെ പേരിലുള്ള ട്രസ്റ്റിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾ സമ്പാദിച്ചത് കോടികൾ. ചെറുപുഴയിൽ കോൺട്രാക്ടർ ആത്മഹത്യ ചെയ്ത സംഭവം വിവാദമായതോടെയാണ് കൂടുതൽ ആരോപണങ്ങൾ കോൺഗ്രസിന് നേരെ ഉയർന്നത്. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട കെ കരുണാകരൻ ട്രസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി ട്രസ്റ്റ് മുൻ വൈസ് ചെയർമാൻ ജെയിംസ് പന്തമാക്കൻ രംഗത്തെത്തുകയായിരുന്നു. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി കെ കരുണാകരൻ ട്രസ്റ്റ് തുടങ്ങിയ സംരംഭം പിന്നീട് ഷോപ്പിങ് കോംപ്ലക്‌സ് ആക്കിയതിൽ കോടികളുടെ വെട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. പോലീസിന് അന്ന് നൽകിയ പരാതി അന്വേഷിച്ചിരുന്നുവെങ്കിൽ ഈ കെട്ടിടത്തിന്റെ കോൺട്രാക്ടറായിരുന്ന ജോയിക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നുവെന്നാണ് ട്രസ്റ്റ് മുൻ വൈസ് ചെയർമാൻ ജെയിംസ് പന്തമാക്കന്റെ ആരോപണം.

ചെറുപുഴയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിലാണ് 2011- ൽ കെ കരുണാകരൻ ട്രസ്റ്റ് രൂപീകരിക്കുന്നത്. സ്ഥലം വാങ്ങി പണി തുടങ്ങുന്നതിന് മുമ്പ് ധനസമാഹരണത്തിനാണ് ട്രസ്റ്റിന് പുറമെ ചെറുപുഴ ഡെവലപ്പേഴ്‌സ് രൂപീകരിക്കുകയും ചെയ്തിരുന്നു. കെട്ടിടത്തിന്റെ പണി പൂർത്തിയായ ഉടനെ 90 സെന്റും മുകൾനിലയിലെ ഫ്‌ളാറ്റുകളും ട്രസ്റ്റ് ഭാരവാഹികളായ കോൺഗ്രസ് നേതാക്കൾ കൂടി ഉൾപ്പെട്ട സിയാഡ് എന്ന കമ്പനിക്ക് വിറ്റു.

കെ കരുണാകരൻ ട്രസ്റ്റിലും ചെറുപുഴ ഡെവലപ്പേഴ്‌സിലും ഉള്ള കോൺഗ്രസ് നേതാക്കൾക്ക് ഫ്‌ളാറ്റ് വാങ്ങിയ സിയാഡ് എന്ന കമ്പനിയിലും വലിയ ഓഹരികളുള്ളതും തട്ടിപ്പിന്റെ ആഴം വ്യക്തമാക്കുന്നു. ബാക്കി കടമുറികൾ കൂടി വിറ്റ് കോടികൾ സമാഹരിച്ചെങ്കിലും ഈ തുക കെ കരുണാകരൻ ട്രസ്റ്റിലേക്ക് എത്തിയില്ല. മാത്രമല്ല, ട്രസ്റ്റിന്റെ ഭാഗമാകേണ്ട ആസ്തികളും കോൺഗ്രസ് നേതാക്കൾ വീതം വെച്ച് സ്വന്തമാക്കിയെന്നാണ് ആരോപണം.

2015- ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ആശുപത്രിക്ക് തറക്കല്ലിട്ടത്. ബാദ്ധ്യതകൾ തീർന്നിട്ടില്ലെന്നാണ് ചെറുപുഴ ഡെവലപ്പേഴ്‌സ് വിശദീകരിക്കുന്നത്. നിലവിലുള്ള ചെറിയ ക്ലിനിക്ക് കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രിയെന്ന ബോർഡ് മാത്രം വെച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യ ഏജൻസിക്ക് വാടകക്ക് കൊടുത്തു. ജോയിയുടെ ആത്മഹത്യക്ക് തൊട്ടു പിന്നാലെ ബോർഡുകൾ നീക്കുകയും കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി തന്നെ അപ്രത്യക്ഷമാവുകയും ആയിരുന്നു.

Exit mobile version