തിരുവനന്തപുരം: ശശി തരൂർ എംപി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നതായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സ്തുതിച്ചു പ്രസ്താവന നടത്തിയെന്ന പേരിൽ കോൺഗ്രസിലെ സംസ്ഥാന നേതാക്കളുടെ വിമർശനത്തിന് ഇരയായ ശശി തരൂർ എംപി സെല്ലിന്റെ സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുടെയും കോഓർഡിനേറ്റർമാരുടെയും യോഗത്തിൽ വെച്ചാണ് രാജി തീരുമാനം പ്രഖ്യാപിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡന്റായ ശേഷം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് ആശയപ്രചാരണത്തിനായി രൂപീകരിച്ചതാണു പ്രഫഷനൽ-രാഷ്ട്രീയ പ്രവർത്തകരുടെ കൂട്ടായ്മയായ ഡിജിറ്റൽ മീഡിയ സെൽ. ചെയർമാനായി ശശി തരൂരിനെയും കൺവീനറായി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെയും നിയമിച്ചത് അന്ന് വാർത്തയുമായിരുന്നു.
അതേസമയം, മോഡി സ്തുതി വിവാദത്തിൽ എംപിയെന്ന നിലയിൽ തന്നോടു വിശദീകരണം തേടേണ്ടിയിരുന്നത് എഐസിസിയാണെന്നും കെപിസിസി അതുചെയ്തതിലുള്ള മനോവ്യഥയാണു രാജി തീരുമാനത്തിലേക്കു നയിച്ചതെന്നും ശശി തരൂർ കരുതുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.