തൃശ്ശൂര്‍: ‘കേരളത്തില്‍ ജോലി ചെയ്യുന്നിടത്തോളം കാലം തനി മലയാളിയാവാനാണ് ഇഷ്ടം’ മുല്ലപ്പൂവും ചൂടി കളക്ടറേറ്റിലെ ഓണാഘോഷത്തിനെത്തിയ ജാര്‍ഖണ്ഡ് സ്വദേശിയായ തൃശ്ശൂര്‍ സബ് കളക്ടര്‍ അഫ്സാന പര്‍വീണിന്റെ വാക്കുകളാണ് ഇത്. ജാര്‍ഖണ്ട് സ്വദേശിയായിട്ടും അഫ്സാനയ്ക്ക് പ്രിയം കേരളത്തോടാണ്. മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ പ്രണയിനിയും പിന്നീട് സഹധര്‍മിണിയുമായ സബ് കളക്ടര്‍ക്ക് തൃശ്ശൂര്‍ അദ്ഭുതപ്പെടുത്തുന്ന നഗരം തന്നെയാണ്.
തിരുവനന്തപുരത്ത് രുചിച്ച ഓണസദ്യയിപ്പോഴും നാവിലുണ്ടെന്ന് അഫ്സാന പറയുന്നു. കേരളീയ രുചികളോട് പ്രത്യേക പ്രിയം തന്നെയാണ് ഇവര്‍ക്ക്. കളക്ടറേറ്റിലെ ഓണാഘോഷത്തിന് സഹപ്രവര്‍ത്തകര്‍ നല്കിയ മുല്ലപ്പൂ അണിഞ്ഞാണ് അഫ്സാന എത്തിയത്. മറ്റുള്ളവര്‍ സെറ്റുസാരിയും മുണ്ടുമുടുത്ത് ആഘോഷത്തിനെത്തിയപ്പോള്‍ സബ് കളക്ടര്‍ എത്തിയത് ചുരിദാര്‍ അണിഞ്ഞാണ്. ഓഗസ്റ്റ് 24-നാണ് തൃശ്ശൂരില്‍ സബ് കളക്ടറായി ചുമതലയേറ്റത്.
നേരത്തേ തിരുവനന്തപുരത്ത് സിപിഎംയു ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ‘ഓണാഘോഷങ്ങള്‍ തന്നെ എപ്പോഴും അദ്ഭുതപ്പെടുത്താറുണ്ട്. ജാതിയെന്നോ മതമെന്നോ വേര്‍ത്തിരിവില്ലാതെ എല്ലാവരും കൊണ്ടാടുന്ന ആഘോഷം. എല്ലായിടത്തും ഉത്സവാന്തരീക്ഷം. കേരളീയവസ്ത്രങ്ങളണിഞ്ഞ് സ്ത്രീകളും പുരുഷന്മാരുമെല്ലാം കൊണ്ടാടുന്ന ആഘോഷം. ഓണംപോലെ കേരളമൊട്ടാകെ ആഘോഷിക്കുന്ന ഉത്സവമൊന്നും ജാര്ഖണ്ടിലില്ല.’ – സബ് കളക്ടര്‍ പറയുന്നു.
ജമ്മു കാശ്മീരിലും ജാര്‍ഖണ്ടിലും ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുമെല്ലാം പോയിട്ടുണ്ട്. എന്നാല്‍, സംസ്കാരം കൊണ്ടും പാരമ്പര്യംകൊണ്ടും കേരളം ഒന്നാംസ്ഥാനത്താണെന്ന് അഫ്സാന പറയുന്നു. ‘കേരളവുമായി താരതമ്യം ചെയ്യുമ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ ഇനിയും മുന്നേറേണ്ടിയിരിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ടിലും ഞങ്ങള്‍ ചോറ് കഴിക്കുമെങ്കിലും തയ്യാറാക്കുന്ന രീതിയില്‍ കേരളവുമായി ചില വ്യത്യാസങ്ങളുണ്ട്. ഉച്ചഭക്ഷണത്തിന് ജാര്‍ഖണ്ടിലും കേരളത്തിലും ചോറുതന്നെയാണ് കഴിക്കുകയെന്നതാണ് സാമ്യം. രാത്രി ഞങ്ങള്‍ റൊട്ടി കഴിക്കുമ്പോള്‍ നിങ്ങള്‍ കഞ്ഞി കുടിക്കുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഞാനും കഞ്ഞിയെ ഇഷ്ടപ്പെട്ടുതുടങ്ങി. രാത്രിഭക്ഷണം ചിലപ്പോഴൊക്കെ കഞ്ഞിയാക്കും’ കേരള രുചികളെ കുറിച്ചും അവര്‍ വാചാലയായി.
ജാര്‍ഖണ്ട് സ്വദേശിയാണെങ്കിലും മലയാളം ഇപ്പോള്‍ എഴുതാനും വായിക്കാനും പഠിച്ചെടുത്തു. എങ്കിലും സംസാരിക്കാനുള്ള ഒഴുക്ക് ആയിട്ടില്ല. മലയാളത്തെ ഞാനിപ്പോള്‍ സ്നേഹിക്കുന്നു. ആദ്യമായി കടല്‍ കാണുന്നത് കേരളത്തിലെത്തിയപ്പോഴാണെന്നും കളക്ടര്‍ തുറന്ന് പറഞ്ഞു.
Discussion about this post